വീണ്ടും മാധവ് ഗാഡ്ഗിൽ പറയുന്നു

0

മലയാള മണ്ണിൽ മഴയുടെ രൂപത്തിൽ ദുരിതങ്ങൾ വർഷിക്കുമ്പോൾ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ വീണ്ടും ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് താൻ പറഞ്ഞ കാര്യങ്ങൾ അവഗണിച്ച രാഷ്ട്രീയ നേതൃത്വങ്ങളുടെ തെറ്റായ തീരുമാനം തന്നെയാണ് ഇന്നത്തെ എല്ലാ ദുരന്തങ്ങൾക്കും കാരണമായത് എന്ന് തന്നെയാണ് മാധവ് ഗാഡ്ഗിൽ ഇന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. കൂടുതലായി വന്നെത്തിയ പെരുമഴ ഈ ദുരന്തങ്ങളുടെ കാഠിന്യം വർദ്ധിപ്പിക്കുകയാണുണ്ടായത്. രണ്ടു ദിവസമായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുണ്ടായ ദുരിതങ്ങൾ വിവരണാതീതമാണ്. ഒരു പെരുമഴക്കാലത്തിൻ്റെ സർവ്വ ദുരിതങ്ങളും രണ്ട് ദിവസങ്ങൾ കൊണ്ട് ജനങ്ങൾ അനുഭവിക്കേണ്ടി വന്നു എന്നത് തന്നെയാണ് ഗാഡ്ഗിലിൻ്റെ ഈ ഓർമ്മപ്പെടുത്തലിന് സാഹചര്യമൊരുക്കിയത്.

അധികകാലമൊന്നും കാത്തിരിക്കേണ്ടി വരില്ല, നിങ്ങളും ഞാനും ജീവിക്കുമ്പോൾ തന്നെ ഭയാനകമായ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന അദ്ദേഹത്തിൻ്റെ പ്രവചന സ്വഭാവമുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ സംഭവിക്കുമ്പോഴും സത്യവും യാഥാർത്ഥ്യവും അംഗീകരിക്കാൻ രാഷ്ട്രീയ യജമാനൻമാർ തയ്യാറാകുന്നില്ല എന്നത് കാതുകകരമായ വസ്തുതയാണ്. ഇടതിനും വലതിനും മധ്യഭാഗത്തിനും ഈ കാര്യത്തിൽ കാണുന്ന അഭിപ്രായ ഐക്യം അമ്പരപ്പിക്കുന്നത് തന്നെയാണ്. നാളെ എന്ത് സംഭവിക്കുമെന്ന ആശങ്കയിൽ തന്നെയാണ് കേരളം.

ഡാമുകൾ ഒന്നൊന്നായി തുറന്നു വിടുകയാണ്. പ്രളയ ഭീകരത അനുഭവിച്ചറിഞ്ഞ കേരള ജനത ഭയചകിതരാണ്. എന്തെല്ലാം കണ്ണീർ കാഴ്ചകൾകൾക്കാണ് ഇനി സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന കാര്യം അവർക്ക് നിശ്ചയമില്ല. ദുരന്തങ്ങൾ വരുമ്പോൾ ചുകപ്പ്, ഓറഞ്ച്, മഞ്ഞ വർണ്ണങ്ങളിലുള്ള മുന്നറിയിപ്പ് നൽകുന്നതിലല്ല കാര്യം. ദുരന്തങ്ങൾ വരാതെ പരിസ്ഥിതിയെ പരിപാലിക്കാനുള്ള മനോഭാവം സൃഷ്ടിക്കുകയാണ് പ്രധാനം. ഗാഡ്ഗിലിൻ്റെ വാക്കുകൾ വേദ വാക്യമായി പരിഗണിച്ച് പ്രകൃതി വിരുദ്ധ വികസന പ്രക്രിയയിൽ നിന്നും പിൻമാറുകയും പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കാനും രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ തയ്യാറാകുകയും അത് വഴി നാടിനെ ഭയാശങ്കകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.