ഇന്നലെ കവളപ്പാറ, പെട്ടിമുടി ഇന്ന് കുട്ടിക്കൽ. പ്രകൃതിദുരന്തങ്ങൾ ഭയാനകമായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ബുദ്ധിയുള്ളവരെന്ന് അഭിമാനിക്കുന്ന മനുഷ്യർ ഒന്നും പഠിക്കാൻ തയ്യാറാകുന്നുമില്ല. പാരിസ്ഥിതിക കാര്യങ്ങളിലെ അജ്ഞതയല്ല, വികസനത്തിൻ്റെ വക്താക്കളാകാൻ വെമ്പുന്നവരുടെ പാരിസ്ഥിതിക സമീപനമാണ് ഇത്തരം വിപത്തുകളെ ക്ഷണിച്ചു വരുത്തുന്നത്. പശ്ചിമഘട്ട മലനിരകളെ ആക്രമിച്ച് നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളുടെ നെഗറ്റീവ് സമീപനങ്ങൾ തന്നെയാണ് ദുരന്ത ങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന സത്യം ഇനിയും ഒളിച്ചു വെയ്ക്കാൻ കഴിയുകയില്ല എന്നതാണ് യാഥാർത്ഥ്യം.

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിൻ്റെ പ്രധാന്യത്തെപ്പറ്റി വിശദമായി പഠനം നടത്തി സമർപ്പിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് കടലാസിൻ്റെ വില പോലും നല്കാതെ പൂർണമായും തള്ളിയത് പ്രകൃതിയുടെ പ്രാധാന്യത്തെപ്പറ്റി അറിയാത്തത് കൊണ്ടല്ല, വോട്ട് ബാങ്കിൻ്റെ ശക്തി കണ്ട് ഭയന്നിട്ട് തന്നെയായിരുന്നു. പ്രൊഫ. മാധവ് ഗാഡ്ഗിൽ അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. ആരും കേൾക്കാത്തത് കൊണ്ടല്ല, ലാഭനഷ്ടങ്ങൾ കണക്ക് കൂട്ടിയപ്പോൾ പ്രകൃതിയേക്കാൾ വിലപ്പെട്ടത് വോട്ട് തന്നെയാണെന്ന രാഷ്ടീയ പ്രായോഗികതയുടെ തിരിച്ചറിവിൻ്റെ ഫലമായിട്ടായിരുന്നു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി പറയുന്നവരെ വികസന വിരോധികളായി മുദ്രകുത്തി ഒറ്റപ്പെടുത്താൻ ഈ പ്രായോഗിക രാഷ്ടീയക്കാർ കൊടിയുടെ നിറം മറന്ന് ഒന്നിക്കുന്ന കാഴ്ചകൾ നാം പല തവണ കണ്ടതാണ്.

ദുരന്തമുഖങ്ങളിൽ നിന്നുയരുന്ന രോദനങ്ങൾ ഈ രാഷ്ട്രീയ നേതൃത്വം കേൾക്കാതെ പോകുന്നത് എന്ത് കൊണ്ടാണെന്ന് ഇനിയെങ്കിലും ആലോചിക്കേണ്ടതാണ്. ഇരുപതിലധികം ജീവനുകൾ ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞു പോകുമ്പോൾ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിൽ അനിവാര്യമായ മാറ്റം വേണമെന്ന് ബുദ്ധിയുണ്ടെന്ന് മേനി പറയുന്നവർ അറിയാതെ പോകുന്നത് നിർഭാഗ്യകരമാണ്.. ഇനിയും വൈകിക്കൂടാ, പ്രകൃതിയുടെ മുന്നറിയിപ്പ് നിസ്സംഗതയോടെ അവഗണിക്കുന്നത് വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഘോഷയാത്രയെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്.

അറിവുള്ളവർ പറയുന്നത് മാനിക്കാനും അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുവാനും നാം തയ്യാറാകേണ്ടതുണ്ട്. അതിനനുസരിച്ച് ഉയരാനുള്ള രാഷ്ട്രീയ ബോധം ഭരണ നേതൃത്വത്തിനുണ്ടായിരിക്കണം എന്ന് ഓർമ്മപ്പെടുത്തുകയേ നിർവ്വാഹമുള്ളൂ. വിമാനത്താവളങ്ങളും അതിവേഗ റെയിൽപ്പാതകളുമല്ല, അതിനെക്കാളൊക്കെ വലുത് പരിസ്ഥിതി സംരക്ഷണമാണെന്ന് ഇനിയും പഠിച്ചിട്ടില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.