ഇടുക്കി ഡാം കളറാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ

0

കൊച്ചി: ഇടുക്കി ഡാം കളറാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇടുക്കി ഡാമിന്‍റെ പ്രതലത്തിൽ ലേസർ ഷോ നടത്താനാണ് സർക്കാരിന്‍റെ പദ്ധതി. ഇതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ഡാമിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിനായി അഞ്ചു കോടി രൂപ സ‍ർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാൽ ആണ് സംസ്ഥാന ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ- “ഇടുക്കി ഡാമിന്‍റെ പ്രതലം സ്ക്രീനായി ഉപയോഗിച്ച് ടൂറിസം പദ്ധതിയായി ബന്ധപ്പെടുത്തുന്ന വിപുലമായ ലേസർ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ ഉൾപ്പെടെയുള്ള ടൂറിസം വികസനം ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി അഞ്ചു കോടി രൂപ അനുവദിക്കുന്നു”.

സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കി ഡാം ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. വലുപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആ‍ർച്ച് ഡാം കൂടിയാണ് ഇടുക്കിയിലേത്.

പ്രകൃതിരമണീയമായ ഇവിടം സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് പ്രതിദിനം സന്ദർശിച്ചു മടങ്ങുന്നത്. കുറവൻമല, കുറത്തിമല എന്നീ രണ്ട് മലകൾക്കിടയിലാണ് ഡാം സ്ഥിതിചെയ്യുന്നത്. ഉയരം 550 അടിയും വീതി 650 അടിയുമാണ്.

സംസ്ഥാന ടൂറിസം വകുപ്പ് ഇടുക്കി ഡാമിന്‍റെ ടൂറിസം വികസനത്തിൽ വളരെയധികം ശ്രദ്ധ നൽകുന്നുണ്ട്. അടുത്തിടെ ഇടുക്കി ഡാമിന്‍റെ സമീപത്തായി ടൂറിസം വകുപ്പ് പൂർത്തീകരിച്ച ഇക്കോ ലോഡ്ജുകൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചിരുന്നു. 25 ഏക്കോറോളം പ്രദേശത്ത് പൂ‍ർണമായും തടികൊണ്ടാണ് ഇക്കോ ലോഡ്ജുകൾ ഒരുക്കിയത്. 6.72 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി സാക്ഷാത്കരിച്ചത്. സംസ്ഥാന സ‍ർക്കാർ 2.78 കോടി രൂപയും കേന്ദ്രസ‍ർക്കാർ 5.05 കോടി രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചത്.