തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ കേരളത്തിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ 16-ന് രാത്രി 12 വരെ കർശന നിയന്ത്രണങ്ങളോടെ അടച്ചിടൽ നടപ്പാക്കും.
ലോക്ഡൗൺ മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം.
പ്രധാന നിർദേശങ്ങൾ:
- സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും.
- ബാങ്കുകൾ, ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പത്ത് മുതൽ ഒരു മണി വരെ പ്രവർത്തിക്കാം.
- പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം.
- ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും.
- വിശ്വാസികൾക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രം നടത്താം.
- വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുതൾത്ത് 20 പേർ മാത്രം.
- സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം.
- എല്ലാത്തരം ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.
- അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും.
- അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും.
- ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല.
- എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല.
- മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
- വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം.
- ലോക്ഡൗണിൽ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകൾക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം.
- ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്നിഷ്യൻസിനാണ് അനുമതി.
- റെയിൽ, വിമാന സർവീസുകൾ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല.
- ഹോംനഴ്സ്, പാലിയേറ്റിവ് പ്രവർത്തകർക്ക് േജാലി സ്ഥലങ്ങളിലേക്ക് േപാകാം.
- ഐടി, അനുബന്ധ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം