സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനം: നിയന്ത്രണം കാറ്റഗറി തിരിച്ച്

0

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തും. പൊതുപരിപാടികൾക്ക് പൂർണവിലക്കാണ്. സ്വകാര്യ ചടങ്ങിൽ 20 പേർ മാത്രം. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്തണം. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെ പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു.

10 മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കു റഗുലർ ക്ലാസുകള്‍ നടക്കും. എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പൊതു-സ്വകാര്യ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം. മറ്റു ജില്ലകളിൽ അതത് കലക്ടർമാർക്ക് തീരുമാനിക്കാം. തിയറ്റർ, ബാർ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുന്ന കാര്യത്തിലും കലക്ടർമാർക്ക് തീരുമാനമെടുക്കാം.

ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണ്. സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടക്കും.

കൊവിഡിതര രോഗികളുടെ കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റിൽ കൊവിഡ് വാർ റൂം പ്രവർത്തിക്കും. പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടവർക്ക് നൽകുന്ന ഏഴു ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.

വ്യാഴാഴ്ച കേരളത്തിൽ പ്രതിദിന കോവിഡ് കേസിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസർകോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശിയാണ്. 49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍നിന്നും വന്നതാണ്. 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന 28 പേരാണുള്ളത്.