വികസനത്തിൻ്റയും കടമെടുപ്പിൻ്റെയും കേരള മാതൃക

0

കേരളത്തിലെ ഭരണാധികാരികൾ നാഴികക്ക് നാല്പത് വട്ടം ആവർത്തിച്ച് പറയുന്നത് കേരളം വികസന രംഗത്ത് കുതിക്കുകയാണെന്ന് തന്നെയാണ്. നല്ലത്, ഓരോ കേരളിയനും അഭിമാനിക്കാം. എന്നാൽ ഈ വികസനത്തിൻ്റെ സ്വഭാവവും ധനസമാഹരണവും പ്രബുദ്ധ കേരളം ആലോചനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വികസനക്കുതിപ്പിൻ്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായി ഇപ്പോൾ ഉയർത്തിപ്പിടിക്കുന്നത് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കെ. റെയിൽ പദ്ധതി ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. എന്താണ് കെ. റെയിൽ പദ്ധതി?. കേരളത്തിൻ്റെ വടക്കേ അറ്റമായ കാസർഗോഡ് നിന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം നാല് മണിക്കൂറായി ചുരുക്കാൻ കഴിയുമെന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് എല്ലാ അർത്ഥത്തിലും വലിയ വില കൊടുക്കേണ്ടി വരും.

കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നും ഇതിന് നിലവിൽ വിമാനയാത്രാ സംവിധാനം ലഭ്യമാണ്. മാത്രമല്ല, കെ.റെയിൽ പദ്ധതി ഒരു തരത്തിലും ലാഭകരമല്ല എന്ന് തന്നെയാണ് ഇത് വരെ പഠനം നടത്തിയ ഏജൻസികൾ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും കോടികളുടെ ബാദ്ധ്യത എറ്റെടുക്കുന്നത് എന്തിനാണെന്ന് ഇനിയും ബോധ്യപ്പെടേണ്ട വസ്തുത തന്നെയാണ്. ഈ കോടികൾ സമാഹരിക്കുന്നത് കടമെടുപ്പിലൂടെയാണെന്ന് അറിയുമ്പോഴാണ് നാം ആലോചിക്കേണ്ടത് വികസനം വരുത്തേണ്ടത് ഈ രീതിയിലാണോ എന്നത് ‘ കടം വാങ്ങിയ കോടികൾ ചെലവഴിക്കേണ്ടത് കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാനുള്ള ഏതെങ്കിലും പദ്ധതിക്ക് വേണ്ടിയായിരുന്നെങ്കിൽ എന്ന് വെറുതെ ചിന്തിച്ചു പോകുകയാണ്. ഇതിന് കാരണവുമുണ്ട്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇന്ന് നടന്ന ഒരു ഇൻ്റർവ്യൂവിൻ്റെ കാര്യമാണ് പറയാനുള്ളത്. നൂറ് പേരെ തെരഞ്ഞെടുക്കാനുള്ള ഈ ഇൻ്റർവ്യൂവിൽ അയ്യായിരത്തോളം യുവാക്കളാണ് ഹാജരായത്. ഈ ജോലി എന്താണെന്നറിയുമ്പോൾ മൂക്കത്ത് വിരൽ വെച്ച് പോകും. ഉത്തര കൊറിയയിൽ ഉള്ളി കൃഷി നടത്താനായിരുന്നു ബിരുദ, ബിരുദാനന്തര, എഞ്ചിനീയറിങ്ങ് ബിരുദധാരികൾ പങ്കെടുത്ത ഈ ഇൻറർവ്യൂ .ഇവിടെയാണ് നാം കെ.റെയിൽ പദ്ധതിയെപ്പറ്റി ചർച്ച ചെയ്യേണ്ടത്. ദിനം പ്രതി ഏകദേശം നൂറ് കോടി രൂപ വായ്പയെടുക്കുന്ന സംസ്ഥാനമാണ് കേരളം. അത്തരമൊരു സാമ്പത്തിക സ്ഥിതി വിശേഷം നേരിടുമ്പോൾ നാളെ കെ.എസ്.ആർ.ടി.സി പോലെ മറ്റൊരു വെള്ളാനയായി മാറാനുള്ള കെ.റെയിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഔചിത്യം ആലോചിക്കേണ്ടതല്ലേ എന്നു മാത്രം ഓർമ്മിപ്പിക്കുന്നു. ഇനി പിറന്ന് വീഴാൻ പോകുന്ന തലമുറയെ കുടി കടബാധ്യത ചുമക്കാനുള്ള കഴുതകളാക്കി മാറ്റുന്നതായിരിക്കരുത് വികസനത്തിൻ്റെ ആധാരശില.