ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ചാലുള്ള പിഴ കുറച്ചു; മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ 10,000

0

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ 1000ൽ നിന്ന് 500 രൂപയാക്കി. അതേസമയം, മദ്യപിച്ചു വാഹനമമോടിക്കലിനു പിഴ 10000 രൂപയായി തുടരും. ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുത്താണ് കേന്ദ്ര മോട്ടര്‍ വാഹന നിനിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് നിരക്ക് മന്ത്രിസഭായോഗം കുറച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

അമിത ഭാരം കയറ്റിയാലുള്ള പിഴ ഇരുപതിനായിരത്തില്‍നിന്ന് പതിനായിരമാക്കി കുറച്ചു. ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ക്ക് പിഴ 500 രൂപയില്‍നിന്ന് 250 ആക്കിയും കുറച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 ആക്കി കുറച്ചു. അമിത വേഗത്തിന് 1500 രൂപയും ഇനി പിഴ അടയ്ക്കണം. ഭുരിഭാഗം നിയമലംഘനങ്ങള്‍ക്കും പിഴത്തുക പകുതിയായി കുറച്ചിട്ടുണ്ട്.

സെപ്തംബര്‍ ഒന്ന് മുതലായിരുന്നു പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നിരുന്നത്. 1000 രൂപ മുതല്‍ 25,000 രൂപ വരെയായിരുന്നു വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ. എന്നാല്‍ ജനങ്ങളില്‍നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ഗുജറാത്ത് അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ഈ പിഴത്തുക പകുതിയായി കുറച്ചിരുന്നു.

പുതിയ പിഴത്തുക :

സീറ്റ് ബെല്‍റ്റ്: സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപയായിരുന്നത് 500 രൂപയായി കുറച്ചു. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴയായിരുന്നത് 500 രൂപയാക്കി.

അമിത വേഗം: പിടിക്കപ്പെടുന്നത് ആദ്യമായാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെയായിരുന്നു പിഴ. ഇത് 1500 രൂപയായും, മീഡിയം – ഹെവി വാഹനങ്ങള്‍ക്ക് 2000 മുതല്‍ 4000രൂപ വരെയുള്ളത് 3000 രൂപയായും നിജപ്പെടുത്തി. ആംബുലന്‍സ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000രൂപ എന്നത് 5000 രൂപയായി കുറച്ചു.

അപകടകരമായ ഡ്രൈവിങ്: (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000രൂപ, കൂടിയത് 5000 രൂപ എന്നത് പൊതുവായി 2000 രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴ എന്നത് 5000 രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു. മത്സര ഓട്ടം ആദ്യകുറ്റത്തിന് 5000രൂപയും ആവര്‍ത്തിച്ചാല്‍ 10000രൂപയും.

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍: ആദ്യകുറ്റമാണെങ്കില്‍ നേരത്തെയുള്ള പിഴയില്‍ മാറ്റമില്ല. 2000രൂപ. കുറ്റം ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴ. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും, തെറ്റായ വിവരമോ രേഖയോ നല്‍കുന്നതിനും 2000 രൂപ എന്നത് 1000 രൂപയാക്കി. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000 രൂപ എന്നത് 1000 രൂപയാക്കി. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍, ശബ്ദ – വായു മലിനീകരണം എന്നിവ സംബന്ധിച്ച ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 2000 രൂപയായി കുറച്ചു.

പെര്‍മിറ്റ് ഇല്ലെങ്കില്‍: പെര്‍മിറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 10,000 രൂപ എന്നത് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ടൂവീലര്‍, ത്രീവീലര്‍ എന്നിവയില്‍ ആദ്യ കുറ്റത്തിനു 3000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 7500 രൂപയും.

അമിതഭാരം: (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ എന്ന നിരക്കില്‍) പരമാവധി 20000 രൂപ എന്നത് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500രൂപ എന്ന നിരക്കില്‍) പരമാവധി 10000 രൂപയായി കുറച്ചു. അമിതഭാരം കയറ്റിയ വാഹനം പരിശോധയ്ക്കിടെ നിര്‍ത്താതെ പോയാല്‍ 40000 രൂപ എന്നത് 20000 രൂപയായി കുറച്ചു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം എന്നത് 100 രൂപയായി കുറച്ചു. റജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിച്ചാല്‍ ആദ്യകുറ്റത്തിന് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2000 രൂപ എന്നത് 3000 രൂപയായി വര്‍ധിപ്പിച്ചു. പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിനു നിലവിലുള്ള നിരക്ക് 500 രൂപ എന്നത് 250 രൂപയായും ആവര്‍ത്തിച്ചാല്‍ 1500 രൂപ എന്നത് 500 രൂപയായും പുതുക്കി നിശ്ചയിച്ചു. ഇതില്‍പ്പെടാത്ത മറ്റു വകുപ്പുകളില്‍ കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍വന്ന നിരക്കുകള്‍ തുടരും.