സ്‌കൂൾ കായിക മേള; ആദ്യ സ്വർണം പാലക്കാടിന്

0

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പാലക്കാടിന് ആദ്യ സ്വർണം. 3000 മീറ്റർ ഓട്ടമത്സരത്തിന്റെ സീനിയർ ബോയ്‌സ് വിഭാഗത്തിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വർണ്ണം കരസ്ഥമാക്കിയത്. 3000 മീറ്റർ ഓട്ടമത്സരം സീനിയർ ഗേൾസ് വിഭാഗത്തിൽ കോട്ടയത്തെ ദേവിക ബെന്നും സ്വർണ്ണം സ്വന്തമാക്കി.

രാവിലെ ഏഴ് മണിക്ക് സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടമത്സത്തോടെയാണ് ട്രാക്കുണർന്നത്. ചൊവ്വാഴ്ച്ച വരെ നീളുന്ന കായികമേളയിൽ ആകെ മത്സരരംഗത്തുള്ളത് 2737 താരങ്ങളാണ്. ചന്ദ്രശേഖർ നായർ, യൂണിവേഴ്‌സിറ്റി സ്റ്റേഡിയങ്ങളിൽ രാത്രിയിലും പകലുമായി 98 ഇനങ്ങളിലാണ് മത്സരം. സീനിയർ വിഭാഗങ്ങളുടെ 3000മീറ്ററാണ് ആദ്യമത്സര ഇനം. എല്ലാ വിഭാഗങ്ങളുടേയും 400 മീറ്റർ ഫൈനൽ മത്സരവും ഇന്ന് നടക്കും. ഇന്നൊഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ 6.30 മുതൽ രാത്രി 8.30 വരെ മത്സരങ്ങൾ ഉണ്ടാകും. താമസ ഭക്ഷണ സൗകര്യങ്ങളിൽ പഴുതടച്ച ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് മുഖ്യമന്ത്രിയാണ് മേള ഒദ്യോഗികമായി ഉത്ഘാടനം ചെയ്യുക. ദീപശിഖാ റാലിക്ക് ശേഷം മുൻ സ്‌കൂൾമീറ്റ് താരം ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ മീറ്റിന് ദീപം തെളിക്കും.

സംസ്ഥാന കായിക മേളയിൽ ശ്രദ്ധേയ പ്രകടനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റി ഫോറിനോട് പറഞ്ഞിട്ടുണ്ട്. മികച്ച പരിശീലനം നൽകുന്നതിന് സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.