സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു.

ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.

കേരളത്തില്‍ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്‍ദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുമാറ്റാനാണ് പി.ബി. നിര്‍ദേശിച്ചത്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

മഹാരാഷ്ട്ര ഛത്തീസ്ഖഡ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്തിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം ഇല്ല. നാല് സംസ്ഥാനങ്ങൾക്ക് ശേഷം കേരളവും സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്ത് കളയാൻ തീരുമാനിക്കുകയാണ്.