പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആമിർ ഖാന്റെ മകൾ

0

പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. താൻ നാല് വർഷമായി കടുത്ത വിഷാദ രോഗത്തിനടിമയാണെന്ന് ആമീർഖാന്റെ മകൾ ഐറ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താൻ നേരിട്ട കടുത്ത വിഷാദ രോഗത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കയാണ് ഐറ ഖാൻ.

പതിനാലാം വയസ്സിൽ നേരിട്ട ലൈംഗികാതിക്രമമാണ് വർഷങ്ങളായി താൻ നേരിട്ട വിഷാദ രോഗത്തിന് കാരണം എന്നാണ് ഐറ വ്യക്തമാക്കിയത്. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാൻ മാതാപിതാക്കളാണ് സഹായിച്ചത്. ഇനി ഇത്തരത്തിൽ ഒരു സംഭവം ജീവിതത്തിൽ ഉണ്ടാകില്ലെന്ന് മനസിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്ന് പുറത്തു കടന്നു. എന്നാൽ ആ സംഭവം മനസിനെ വീണ്ടും വേട്ടയാടി തുടങ്ങി. 18-20 വയസിലായിരുന്നു അതെന്നും ഐറ പറയുന്നു.

ഐറയുടെ വാക്കുകൾ

‘14 വയസ്സുള്ളപ്പോള്‍ ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. അൽപം വിചിത്രമായ സാഹചര്യമായിരുന്നു അത്. ആ വ്യക്തിക്ക് അയാൾ എന്താണ് ചെയ്തിരുന്നതെന്ന് അവരറിഞ്ഞിരുന്നോ എന്ന് എനിക്ക് വ്യക്തമായിരുന്നില്ല. അത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു കാര്യമായിരുന്നില്ല.’– ഐറ പറയുന്നു. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയെയും ആമിർ ഖാനെയും അറിയിച്ചതായും ഐറ പറഞ്ഞു. ആ ഭയാനക സാഹചര്യം മറികടക്കാൻ അച്ഛനും അമ്മയുമാണ് സഹായിച്ചതെന്നും ഐറ വ്യക്തമാക്കി.

‘എല്ലാം അറിഞ്ഞുകൊണ്ടാണ് അവരിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ ഒരു വർഷമെടുത്തു. അത് മനസ്സിലായ ഘട്ടത്തിൽ തന്നെ ഈ സാഹചര്യത്തിൽ നിന്നും എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ മാതാപിതാക്കൾക്ക് ഞാൻ ഒരു ഇമെയിൽ അയച്ചു. എന്നാൽ, അതൊരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇനി ഒരിക്കലും ഇത്തരം അനുഭവം എനിക്കുണ്ടാകില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്നും ഞാൻ പുറത്തുകടക്കുകയും ചെയ്തു. എന്നാൽ ഒരിക്കലും എന്റെ ജീവിതത്തെ ഇനി ബാധിക്കില്ലെന്നു കരുതി മറക്കാൻ ശ്രമിച്ച ആ കാര്യം 18–20 വയസ്സിൽ എന്റെ മനസ്സിനെ വീണ്ടും വേട്ടയാടാൻ തുടങ്ങി.’– ഐറ പറഞ്ഞു.

മാതാപിതാക്കളുടെ വിവാഹമോചനമൊന്നുമല്ല തന്റെ അവസ്ഥയ്ക്ക് കാരണമെന്നും താരം വ്യക്തമാക്കുന്നുണ്ട്. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റെയും അടുത്ത സുഹൃത്തുക്കളാണെന്നും ഐറ പറഞ്ഞു. ‘ഞാൻ ചെറിയകുട്ടിയായിരുന്ന സമയത്താണ് എന്റെ മാതാപിതാക്കൾ വിവാഹമോചിതരാകുന്നത്. പക്ഷേ, അതൊന്നും എന്നെ അസ്വസ്ഥയാക്കിയിരുന്നില്ല. കാരണം ഞങ്ങളോടുള്ള അവരുടെ സൗഹാർദപരമായ പെരുമാറ്റത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

അച്ഛനും അമ്മയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്റെയും അനിയന്റെയും ഉറ്റസുഹൃത്തുക്കൾ കൂടിയാണവർ. ഒരർത്ഥത്തിലും ഞങ്ങളുടെത് തകർന്ന കുടുംബമല്ല. അച്ഛനും അമ്മയും പിരിഞ്ഞതിൽ മുൻപ് പലരും എനിക്ക് മുൻപിൽ സഹതാപവുമായി എത്തുമായിരുന്നു. നിങ്ങളെന്താണ് പറയുന്നത്? വിവാഹമോചനം ഒരു മോശം കാര്യമല്ല. എന്നായിരുന്നു അവരോടുള്ള എന്റെ മറുപടി. അവരുടെ വിവാഹമോചനം എന്നെ ഒരിക്കലും അസ്വസ്ഥയാക്കിയിരുന്നില്ല. അതൊരിക്കലും എന്റെ വിഷാദത്തിന്റെ കാരണവുമായിരുന്നില്ല.– ഐറ വിഡിയോയിൽ പറയുന്നു.