ആവാസ് പദ്ധതി വൻ വിജയം: അംഗങ്ങൾ 5,00,000 കഴിഞ്ഞു

0
Migrant workers in Kerala

കേരളത്തിലേക്കു ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പാക്കുന്ന ആവാസ് പദ്ധതി വൻ വിജയത്തിൽ. അഞ്ചു ലക്ഷത്തിലേറെ അതിഥി തൊഴിലാളികൾ ആവാസ് പദ്ധതിയിൽ അംഗങ്ങളായി. ഇന്നലെ (ജനുവരി നാല്) വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,00,113 അതിഥി തൊഴിലാളികൾ ആവാസ് പദ്ധതിയുടെ സുരക്ഷിതത്വത്തിലായിക്കഴിഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള എറണാകുളം ജില്ലയാണ് ആവാസ് പദ്ധതിയിലെ അംഗ സംഖ്യയിലും മുന്നിൽ. 1,08,645 പേർ ഇവിടെനിന്ന് പദ്ധതിയിൽ അംഗങ്ങളായി. തിരുവനന്തപുരം – 60077, കൊല്ലം – 24705, പത്തനംതിട്ട – 23890, ആലപ്പുഴ – 36924, ഇടുക്കി – 19442, കോട്ടയം – 32578, തൃശൂർ – 41208, പാലക്കാട് – 24651, മലപ്പുറം – 29477, കോഴിക്കോട് – 42450, വയനാട് – 11545, കണ്ണൂർ – 28723, കാസർഗോഡ് – 15798 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽനിന്ന് പദ്ധതിയിൽ അംഗങ്ങളായവരുടെ എണ്ണം.

കേരളത്തിലേക്കെത്തുന്ന അതിഥി തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയും സർക്കാർ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ നൽകുകയുമാണ് ആവാസ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ കോളജ് ആശുപത്രികൾ, റീജിയണൽ ക്യാൻസർ സെന്റർ എന്നിവ ഉൾപ്പെടെ 56 ആശുപത്രികളെയാണ് പദ്ധതിയിൽപ്പെടുത്തിയിരിക്കുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികൾക്കും രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും 25,000 രൂപയുടെ സൗജന്യ ചികിത്സാ സഹായവും പദ്ധതി മുഖേന ലഭിക്കും. കൂടാതെ അപകടങ്ങൾ മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കും. കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും പദ്ധതിയിൽ ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.