ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു

0

ബെക്‌സ്ഹില്‍: യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് നിമ്യയെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജനുവരിയിലാണ് നിമ്യ യുകെയിലെത്തിയത്. മൂവാറ്റുപുള വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയിലെത്തിയത്.

ഏതാനും ദിവസം മുമ്പ് യുകെയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മറ്റൊരു മലയാളി നഴ്‌സ് മരണപ്പെട്ടിരുന്നു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്ക് എത്തിയതായിരുന്നനു. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെ ഉള്ളവര്‍ സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു.

എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഷാജി കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഷ്രൂസ്‌ബെറി ഹോസ്പിറ്റലിലെ തീയേറ്റര്‍ നഴ്‌സ് ആണ് ഭാര്യ: ജൂബി. മക്കള്‍: നെവിന്‍ ഷാജി, കെവിന്‍ ഷാജി, പിതാവ്: കെ എം മത്തായി, മാതാവ്: സൂസന്‍.