തടാകത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ മുങ്ങി മരിച്ചു

0

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ മലയാളി വൈദികന്‍ മുങ്ങി മരിച്ചു. ചെറുപുഷ്പ സഭയുടെ ആലുവ സെന്റ് ജോസഫ്‌സ് പ്രവിന്‍സ് അംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ (ഡൊമിനിക് 41) ആണ് മരിച്ചത്. റേഗന്‍സ്ബുര്‍ഗില്‍ തടാകത്തില്‍ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ബവേറിയയിലെ ഷ്വാര്‍സാഹ് ജില്ലയിലുള്ള മൂര്‍ണര്‍ തടാകത്തിലായിരുന്നു അപകടം ഉണ്ടായത്. തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ വെള്ളത്തില്‍ വീണു. ഇയാളെ രക്ഷിച്ച് ബോട്ടില്‍ കയറ്റിയ ഫാ. ബിനു വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തക സംഘം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മ്യൂണിക്കിലെ സ്വകാര്യ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.