കഥകളുടെ ദൃശ്യാവിഷ്ക്കാരം എന്നതിലുപരി നമുക്കറിയുന്നതും അറിയാത്തതുമായ പലരുടെയും ജീവിതങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും അനുഭവപ്പെടുത്തലുകളുമാകാറുണ്ട് ചില സിനിമകൾ. അഞ്ജലി മേനോൻ തിരക്കഥകളിലും സിനിമകളിലും അത്തരം അനുഭവപ്പെടുത്തലുകളാണ് എന്നും ഉണ്ടായിട്ടുള്ളത്. മഞ്ചാടിക്കുരുവിലെ വിക്കിയും റോജയും, ഉസ്താദ് ഹോട്ടലിലെ ഫൈസിയും കരീംക്കയും, ബാംഗ്ലൂർ ഡെയ്സിലെ ദിവ്യ-അജു-കൃഷ്‌ണൻ കൂട്ടുകെട്ടുമൊക്കെ അപ്രകാരം സിനിമക്കപ്പുറം കാണുന്നവന്റെ മനസ്സിൽ ചിലത് ഓർമ്മപ്പെടുത്തുകയും അടയാളപ്പെടുത്തുകയുമൊക്കെ ചെയ്തത് കൊണ്ടാണ് ആ സിനിമകളുടെയൊക്കെ ‘കൂടെ’ ഇന്നും പ്രേക്ഷകരുള്ളത്. അഞ്ചു മിനുട്ടിൽ പറഞ്ഞു തീർക്കാവുന്ന കൊച്ചു കഥയെ അതിനൊത്ത തിരക്കഥയിലേക്കു പടർത്തി എഴുതുകയും ദൃശ്യാവിഷ്ക്കാരം കൊണ്ട് കാണുന്നവന്റെ ഉള്ളു തൊടുകയും ചെയ്യുന്ന സിനിമാ നിർമ്മിതികളാണ് ഇക്കാലയളവിൽ അഞ്ജലിയുടേതായി നമുക്ക് മുന്നിലെത്തിയത്. അക്കൂട്ടത്തിൽ മഞ്ചാടിക്കുരു കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് എത്തി നിൽക്കുന്ന സിനിമയാണ് കൂടെ എന്ന് പറയാം. 2014 ൽ റിലീസായ സച്ചിൻ കുണ്ഡൽക്കറിന്റെ മറാത്തി സിനിമ ‘ഹാപ്പി ജേർണി’ യുടെ പുനരാവിഷ്ക്കരണമാണ് എങ്കിലും ദൃശ്യപരിചരണം കൊണ്ടും അവതരണം കൊണ്ടും മലയാളി പ്രേക്ഷകന് പുതുമ സമ്മാനിക്കുന്നു ‘കൂടെ’.

Nazriya in “Koode”

മരിച്ചു പോയവരെ പിന്നീട് കാണാൻ സാധിക്കുമോ എന്ന ചോദ്യം യുക്തിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഇതേ ചോദ്യത്തിന് ഫാന്റസിയിൽ ഒരുപാട് ഉത്തരങ്ങളുണ്ട്. ഈ ഉത്തരങ്ങളും അതുമായി ബന്ധപ്പെട്ട ഭാവനകളുമൊക്കെ മലയാളമടക്കമുള്ള ഭാഷാ സിനിമകളിൽ അവതരിപ്പിക്കപ്പെട്ടതുമാണ്. ആയുഷ്ക്കാലം സിനിമയിൽ ഹൃദയം മാറ്റി വെക്കപ്പെട്ട ബാലകൃഷ്ണനു മാത്രം കാണാൻ സാധിക്കുന്ന എബിയുടെ ആത്മാവിനെ ഓർത്തു പോകുകയാണ് ഈ സമയം. തീർത്തും അപരിചിതരായിരുന്ന അവർ രണ്ടു പേർക്കും ഇടയിൽ ഒരു ‘ഹൃദയ ബന്ധം’ രൂപപ്പെട്ടത് മുതലാണ് ബാലകൃഷ്ണന് മാത്രം കാണാൻ സാധിക്കുന്ന ആത്മാവായി എബി എത്തുന്നത്. ‘ആയുഷ്ക്കാല’ത്തിലെ എബിക്കും ‘കൂടെ’ യിലെ ജെന്നിക്കും പ്രത്യക്ഷത്തിൽ സാമ്യതകൾ ഇല്ലെങ്കിലും അടിസ്ഥാനപരമായി രണ്ട് പേർക്കും ചില സാമ്യതകൾ ഉണ്ട് എന്ന് കണ്ടെത്താൻ സാധിക്കും. നിത്യരോഗിയായ അനിയത്തിയുടെ ചികിത്സക്കും സ്വന്തം കുടുംബത്തിനും വേണ്ടി ചെറു പ്രായത്തിൽ കടല് കടക്കേണ്ടി വന്ന ജോഷ്വക്ക് അനിയത്തിയെ ഒരുപാട് ഇഷ്ടമായിരുന്നെങ്കിലും പല കാരണങ്ങളാൽ അവളുമായി ആത്മബന്ധം പുലർത്താൻ സാധിക്കാതെ പോയി. എന്നിട്ടും അതേ അനിയത്തി മരണ ശേഷം ജോഷ്വക്ക് മുന്നിൽ മാത്രം പ്രത്യക്ഷപ്പെടുന്നു എന്നതിലാണ് ജെന്നി – ജോഷ്വ ആത്മ ബന്ധത്തിന്റെ തീവ്രത നമുക്ക് ബോധ്യമാവുക. ആയുഷ്‌ക്കാലത്തിലെ എബി ബാലകൃഷ്ണന് മുന്നിൽ നിന്നും മാഞ്ഞു പോകുന്നത് ഒരുപാട് വേദന സമ്മാനിച്ചാണെങ്കിൽ ജെന്നി ഒരു വേദനയായി എവിടെയും അവശേഷിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോൾ അവൾക്ക് കിട്ടാതെ പോയ സന്തോഷങ്ങളെയും സാധിക്കാതെ പോയ ആഗ്രഹങ്ങളെയും നഷ്ടപ്പെട്ടു പോയ നല്ല മുഹൂർത്തങ്ങളെയുമൊക്കെ അവൾ തിരിച്ചു പിടിക്കുന്നത് മരണ ശേഷമാണ്. മരണാസന്നയായി കിടന്ന മുറിയിൽ ആകാശത്തിലേക്ക് തുറന്നിട്ട ജനാലകളെയും പറക്കുന്ന പക്ഷികളെയും വരച്ചു കൊണ്ട് പുതിയൊരു ലോകവും സ്വാതന്ത്ര്യ ബോധവുമൊക്കെ അവൾ ആദ്യമേ ഒരുക്കിയിട്ടിരുന്നു എന്ന് വേണം കരുതാൻ.

Prithviraj and Nazriya in “Koode”

ഒരു കുടുംബ കഥ എന്ന സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് പറയാമായിരുന്ന ഒരു കഥയിൽ ജെന്നിയുടെയും ജോഷ്വയുടെയും മാത്രമായ ഒരു മനോരാജ്യം ഉണ്ടാക്കിയെടുക്കുക വഴി അവതരണ സാധ്യതകൾക്കൊപ്പം അതെല്ലാം അവതരിപ്പിച്ചു ഫലിപ്പിക്കുക എന്ന റിസ്‌ക്കും കൂടിയുള്ള സിനിമയായിരുന്നു ‘കൂടെ’. ‘ഹാപ്പി ജേർണി’ക്ക് വേണ്ടി സച്ചിൻ കുണ്ഡൽക്കർ വെട്ടിയ വഴി മുന്നിലുണ്ടായിരുന്നത് കൊണ്ട് താരതമ്യേന അഞ്ജലി മേനോന് അധികം റിസ്ക്ക് എടുക്കേണ്ടി വന്നിട്ടില്ല എന്ന് മാത്രം. അതേ സമയം മലയാളത്തിലധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത വഴിയിലൂടെ ഇത്തരമൊരു സിനിമ അവതരിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷക സ്വീകാര്യതയെ സംബന്ധിച്ച് ഉണ്ടായേക്കാവുന്ന റിസ്കിനെ അഞ്ജലി മേനോൻ മേക്കിങ്ങിലെ മികവ് കൊണ്ട് അനായേസേന മറി കടക്കുന്നു. മറ്റാരേക്കാളും ജോഷ്വയെ അഗാധമായി സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്ത ജെന്നിക്ക് മരണാനന്തരം ജോഷ്വക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനും കൂടെ നടക്കാനും സാധിക്കാതെ പോയെങ്കിലാണ് ഒരു പക്ഷേ ‘കൂടെ’ എന്ന സിനിമയിലെ യുക്തി ചോദ്യം ചെയ്യപ്പെടുക എന്ന് തോന്നുന്നു. രാജസേനന്റെ ‘മേഘ സന്ദേശം’ സിനിമയിലാണ് വെള്ള സാരിക്കു പകരം കളർ സാരികളിൽ പ്രത്യക്ഷപ്പെടുകയും, വിശപ്പും ദാഹവുമൊക്കെ തങ്ങൾക്കുമുണ്ടെന്നു പറഞ്ഞു ഇഡ്ഡലി കഴിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പ്രേതത്തെ കാണുന്നത്. ഇവിടെ ജെന്നിയും അത്തരം ക്ളീഷേകളെ ട്രോളുകയും ഇഷ്ട ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുന്നുമൊക്കെ ഉണ്ട്. താനും കൂടി സംസാരിച്ചില്ലെങ്കിൽ ഇതൊരു അവാർഡ് സിനിമ പോലെയാകുമെന്ന് ജെന്നിയെ കൊണ്ട് പറയിപ്പിക്കുക വഴി സംവിധായിക സെൽഫ് ട്രോളിലൂടെ സിനിമയുടെ അത് വരെയുള്ള ഇമോഷണൽ മൂഡിനെ ഒറ്റയടിക്ക് മാറ്റിയെടുക്കുന്നു.

Director Anjali Menon

പണ്ടേ അന്തർമുഖനെന്നു തോന്നിച്ച ജോഷ്വ എങ്ങിനെയായിരിക്കും ഒറ്റപ്പെടലുകളെയും മാനസിക പീഡനങ്ങളെയും അതിജീവിച്ചത് എന്ന് തോന്നിപ്പിച്ചു കളയുന്ന ചില ക്ളോസപ്പ് ഷോട്ടുകളുണ്ട് സിനിമയിൽ. ജോഷ്വയെ ഗൾഫിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ബന്ധുവിന്റെ കൈകൾ അവനെ അശ്ലീലമായി തൊടുകയും തലോടുകയും ചെയ്യുന്നത് കാണുമ്പോൾ പ്രേക്ഷകന്റെ ശരീരത്തിൽ പാമ്പിഴഞ്ഞു പോകും. അത്ര കണ്ട് ഭീകരമായി അങ്ങിനെയൊരു സീൻ ഒരുക്കാൻ ഒരുപാട് ഷോട്ടുകളൊന്നും വേണ്ടി വന്നില്ല സംവിധായികക്ക്. രഘു ദീക്ഷിതിന്റെ പശ്ചാത്തല സംഗീതം സിനിമയിലെ ഓരോ സീനുകൾക്കും കൊടുക്കുന്ന പിന്തുണയും കേട്ടറിയേണ്ടത് തന്നെയാണ്. അഞ്ജലി മേനോനൊപ്പം തന്നെ ഈ സിനിമയുടെ ക്രെഡിറ്റ് വലിയ തോതിൽ അവകാശപ്പെടാവുന്ന മറ്റൊരാളാണ് ലിറ്റിൽ സ്വയമ്പ്‌. എഴുതി വച്ചിരിക്കുന്നതിനപ്പുറമുള്ള കാര്യങ്ങൾ കാമറ കാഴ്ച കൊണ്ട് അനുഭവഭേദ്യമാക്കും വിധം ഗംഭീരമായിരുന്നു ലിറ്റിൽ സ്വയമ്പിന്റെ ഛായാഗ്രഹണം. ഗൾഫിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജോഷ്വക്ക് പുറകെയുള്ള കാമറയുടെ സഞ്ചാരം മരുഭൂമിയിലൂടെയുള്ള നീണ്ട റോഡും റൌണ്ട്അബൗട്ടും കറങ്ങി തിരിഞ്ഞു വരുമ്പോൾ എഴുതി കാണിക്കുന്ന ടൈറ്റിൽ തൊട്ട് വയനാട് ചുരം കയറിയിറങ്ങി ഗൂഡല്ലൂരിലെ പള്ളി സെമിത്തേരിയിൽ എത്തും വരെയുള്ള ഹെലികാം ഷോട്ടുകൾ സ്‌ക്രീനിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്നു.

ആകെ മൊത്തം ടോട്ടൽ = ദൃശ്യ ഭാഷ കൊണ്ട് വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുന്ന സിനിമയാണ് കൂടെ. അവതരണ ശൈലി കൊണ്ടും പൃഥ്വിരാജ് നസ്രിയ പാർവ്വതി എന്നിവരുടെ പ്രകടനം കൊണ്ടും സിനിമ മികച്ചു നിൽക്കുന്നു. നസ്രിയ തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോൾ ‘മൈ സ്റ്റോറി’ യിൽ ഫ്ലോപ്പായ താരജോഡിയുടെ ക്ഷീണം ‘കൂടെ’യിലൂടെ തീര്‍ക്കാന്‍ പൃഥ്വരാജിനും പാര്‍വ്വതിക്കും സാധിച്ചു. ലോജിക്കില്ലായ്മകളും സമയ ദൈർഘ്യവും അനാവശ്യ ലാഗും കണക്കിലെടുക്കാതിരുന്നാൽ നിരാശപ്പെടുത്താത്ത സിനിമ. രണ്ടാം പകുതിക്ക് ശേഷം ജെന്നി എന്ന കഥാപാത്രം സിനിമയുടെ മൊത്തത്തിലുള്ള അവതരണത്തിലും ജോഷ്വ- സോഫി കഥാപാത്രങ്ങൾക്കിടയിലും ഒരുപോലെ ഒരു ബാധ്യതയായി മാറുന്ന ഘട്ടത്തിൽ സംവിധായിക എന്ന നിലക്ക് പുറകോട്ട് പോകുന്നുണ്ടെങ്കിലും ഒടുക്കം തന്റെ കൈയ്യൊപ്പ് പതിയും വിധം ഗംഭീരമായി തന്നെ പറഞ്ഞവസാനിക്കാൻ സാധിക്കുന്നു അഞ്ജലി മേനോന്.

Originally Published in സിനിമാ വിചാരണ

ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം