പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചയ്ക്ക് മലയാളി പെൺകുട്ടി അവതാരക 

0

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നയിക്കുന്ന ദേശീയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ച
ഇത്തവണ നിയന്ത്രിക്കുന്നത് മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം തരം വിദ്യാർത്ഥിനി മേഘ്ന എന്‍ നാഥിനാണ് ഈ അവസരം ലഭിച്ചത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി പരീക്ഷാ പേ ചര്‍ച്ചയിലെ അവതാരകയാകുന്നത്.

പരീക്ഷകള്‍ എങ്ങനെ നേരിടാം സമ്മര്‍ദ്ദങ്ങള്‍ എങ്ങനെയൊക്കെ അഭിമുഖീകരിക്കാം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രധാനമന്ത്രിയോട് ഉപദേശം തേടുകയും സംവദിക്കുകയും ചെയ്യുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച.നേരിട്ടും ഓണ്‍ലൈനായും ലക്ഷക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന ഈ പരിപാടി ആറു വര്‍ഷമായി നടന്നുവരുന്നുണ്ട്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഇത്രയും വലിയൊരു പരിപാടിയുടെ അവതാരകയാകുന്നത്.

കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘ്ന എന്‍ നാഥ് വാരണസിയില്‍ നിന്നുള്ള അനന്യ ജ്യോതി എന്നിവരാണ് ഇത്തവണ പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകരാവുക. മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള അവതാരക വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു പ്രാഥമികഘട്ട തെര‍ഞ്ഞെടുപ്പ്.തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള അഭിമുഖങ്ങളും ഉണ്ടായിരുന്നു. ഇത്രയും വലിയൊരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കോട്ടൂളി സ്വദശിയായ മേഘ്ന എന്‍ നാഥ്. പരിപാടി നിയന്ത്രിക്കുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിനായി ഇന്ന് മേഘ്ന നാഥ് ഡല്‍ഹിയിലേക്ക് പോകും.