കൃഷ്ണ മഞ്ജരി 2022: സിംഗപ്പൂരിന്റെ ശബ്ദമാകാൻ സൂര്യ ഗായത്രി

0

കൃഷ്ണ മഞ്ജരി 2022 ന്റെ ഭാഗമായി ഗീതാ ജയന്തി സിംഗപ്പൂരിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കായി പ്രശസ്ത കർണാട്ടിക്‌ സംഗീതജ്ഞ സൂര്യഗായത്രിയുടെ ഭജൻ കച്ചേരി ലൈവ് നടത്തും.

ഹിന്ദു എൻഡോവ്‌മെന്റ് ബോർഡിന്റെയും സൂര്യ (സിംഗപ്പൂർ) ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരുങ്ങുന്ന കാര്യപരിപാടികൾ സിംഗപ്പൂർ പിജിപി ഹാളിന് സമീപം ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിൽ വെച്ച് സെപ്‌റ്റംബർ 10-ന് വൈകുന്നേരം 6.45-ന് ചടങ്ങുകൾ ആരംഭിക്കും.

കലയിലൂടെയും സംസ്‌കാരത്തിലൂടെയുമുള്ള ഭഗവത് ഗീതയുടെ പുനരാവിഷ്കാരത്തിന്റെ ആഘോഷമാണ് കൃഷ്ണ മഞ്ജരി. കൂടാതെ ചടങ്ങിൽ പ്രാദേശിക കലാസംഘങ്ങളുടെ നൃത്തനൃത്യങ്ങളും വിവിധ പരിപാടികളും ഉണ്ടായിരിക്കും. പ്രാദേശിക ദൃശ്യകലാകാരന്മാരുടെ ദൃശ്യാവിഷ്‌കാര പ്രദർശനവും ഉണ്ടായിരിക്കും. ചടങ്ങുകൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും

ബുക്കിങ്ങിനായി: ഓൺലൈൻ ടിക്കറ്റിംഗ്: www.sooryafest.org, ടിക്കറ്റിംഗ് ഹോട്ട്‌ലൈൻ: 9389 0407.

സൂര്യഗായത്രിയെക്കുറിച്ച്

ഭക്തിരസം തുളുമ്പുന്ന കീർത്തനങ്ങൾ കൊണ്ടു സംഗീത ലോകത്തെ അമ്പരപ്പിക്കുന്ന 13 വയസുകാരിയായ കൊച്ചു മിടുക്കിയാണ് സൂര്യഗായത്രി. യുട്യൂബിൽ 150 ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള ഭജന ഗായികയായ സൂര്യഗായത്രിയുടെ ഹനുമാൻ ചാലീസയും ഭാഗ്യദ ലക്ഷ്മി ബാരമയും യൂറ്റ്യൂബിൽ കോടിക്കണക്കിന് ആൾക്കാരാണ് വീക്ഷിച്ചത്. കോഴിക്കോട് ജില്ലയിലെ വടകരയിലെ പുറമേരി സ്വദേശിയാണ്. കർണാടക സംഗീതത്തിൽ ഔപചാരികമായി പരിശീലനം നേടിയിട്ടുണ്ട്. മുംബൈ ഷൺമുഖാനന്ദ സഭയിൽ നിന്നും തിരുവനന്തപുരം കലാനിധി സംഗീത രത്‌ന അവാർഡിൽ നിന്നും 10 വയസ്സുള്ളപ്പോൾ സംഗീതത്തിൽ M.S സുബ്ബുലക്ഷ്മി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.