പേരിലൊതുങ്ങിയ ‘ലക്ഷ്യം’

0

പീരുമേടിൽ നിന്ന് എറണാംകുളത്തേക്ക് രണ്ടു പ്രതികളുമായി പോയ്‌ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് പൊടുന്നനെ ആക്സിഡന്റ് ആകുകയും റോഡിൽ നിന്ന് തെറിച്ച് സാമാന്യം ആഴമുള്ള കാട്ടിലേക്ക് മറഞ്ഞു വീഴുകയും ചെയ്യുന്നിടത്താണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ഒരേ സമയം ദുരൂഹതയും ആകാംക്ഷയും അനുഭവപ്പെടുത്തി കൊണ്ടുള്ള ഒരു തുടക്കം എന്ന് തന്നെ പറയാം. അപകടത്തിൽ പെട്ട പ്രതികൾക്ക് ബോധം വരുകയും പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ അതിന്റെ ജെനർ വ്യക്തമാക്കുന്നത്. തീർത്തും അപരിചിതരായ രണ്ടു വ്യക്തികൾ. രണ്ടു പേരും രണ്ടു കുറ്റങ്ങളുടെ പേരിൽ ഒരേ വിലങ്ങിൽ പരസ്പ്പരം ബന്ധിക്കപ്പെട്ടവർ. പക്ഷെ കൂട്ടത്തിൽ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതാകട്ടെ ഒരേ ഒരാളും. എന്നാൽ ഒരാളെ ഒഴിവാക്കി കൊണ്ട് മറ്റൊരാൾക്ക് സ്വന്തം തീരുമാനം നടപ്പിലാക്കാനും പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് തന്നെ സഹായിച്ചാൽ അതിനു പ്രതിഫലമായി ഒരു തുക തരാമെന്ന് വിമൽ (ഇന്ദ്രജിത്ത്) മുസ്തഫയോട് (ബിജു മേനോൻ) പറയുന്നത്. മുസ്തഫ വിമലിനെ സഹായിക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ദിക്കറിയാത്ത കാട്ടിൽ തങ്ങളെ പിന്തുടർന്ന് വരുന്ന പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുന്നത്. 
നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമ എന്നതിനേക്കാൾ ജിത്തു ജോസഫിന്റെ സ്ക്രിപ്റ്റിൽ വരുന്ന സിനിമ എന്ന നിലക്കായിരുന്നു ‘ലക്ഷ്യം’ പ്രതീക്ഷയുണർത്തിയത്. ആ പ്രതീക്ഷക്ക് നല്ല പിന്തുണ നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. രണ്ടു കഥാപാത്രങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന ഒരു തിരക്കഥയിൽ മുഴുനീള ത്രില്ലർ സിനിമക്കുള്ള എലമെൻറ്സ് കുറവാണ് എന്ന ബോധ്യം കൊണ്ട് തന്നെയായിരിക്കാം മുസ്തഫ-വിമൽ കഥാപാത്ര സംഭാഷണങ്ങളിൽ കോമഡിക്കുള്ള സ്‌പേസ് കൂടി ഉണ്ടാക്കി കൊടുത്തു കൊണ്ടുള്ള ഒരു കഥാവതരണമാണ് ആദ്യ പകുതിയിൽ. നായകൻറെ കഥാപശ്ചാത്തലവും ലക്ഷ്യവും വിവരിച്ചവസാനിപ്പിച്ച ശേഷം സിനിമ മുസ്തഫയിലേക്ക് തിരിയുന്നുണ്ടെങ്കിലും മുസ്തഫയുടെ കഥക്ക് കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ ഒന്നും പറയാനില്ലാതെ വിധിയെ പഴിച്ചു കൊണ്ട് അവസാനിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ഒരുപാട് ട്വിസ്റ്റുകൾക്ക് സാധ്യതയുണ്ടായിട്ടും അതൊന്നും പ്രയോഗിക്കാതെ അത് വരെ നിലനിർത്തിയ സസ്പെന്സിനെയും ത്രില്ലിനെയുമൊക്കെ തണുപ്പിക്കുന്ന അവതരണമാണ് രണ്ടാം പകുതിയിൽ. അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു സിനിമയായി ഒതുങ്ങി പോകുന്നു പിന്നീടങ്ങോട്ടുള്ള സിനിമ. 


സാഹചര്യ തെളിവുകൾ കൊണ്ട് കൊലപാതകിയായി മുദ്ര കുത്തപ്പെട്ട നിരപരാധിയാണ് വിമലെങ്കിൽ ഇന്നേ വരെ ചെയ്ത മോഷണങ്ങൾക്കൊന്നും പിടിക്കപ്പെടാതിരിക്കുകയും പകരം താൻ ചെയ്യാത്ത ഏതോ ഒരു മോഷണക്കേസിൽ കുറ്റക്കാരനാകേണ്ടിയും വന്നവനാണ് മുസ്തഫ. എന്നിരുന്നാലും പോലീസിന്റെ മുന്നിൽ അവർ മോഷ്ടാവും കൊലയാളിയുമാണ്. ഇങ്ങിനെയുള്ള രണ്ടു പേർ പോലീസിൽ നിന്ന് രക്ഷപ്പെടുകയും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി സഹയാത്രികരാകുകയും ചെയ്‌താൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നു തന്നെയായിരിക്കാം സിനിമയുടെ കഥ ജനിച്ചിട്ടുണ്ടാകുക. Together to survive എന്നായിരുന്നു സിനിമയുടെ ടാഗ് ലൈൻ. അങ്ങിനെ ചേർത്ത് വച്ച് നോക്കുമ്പോൾ ഒരു നല്ല ത്രില്ലർ സിനിമക്ക് വേണ്ട പല ഘടകങ്ങളും അങ്ങിങ്ങായി ചിതറി കിടക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു സ്ക്രിപ്റ്റ് ഉണ്ട് സിനിമക്ക്. പക്ഷേ അതിന്റെ ദൃശ്യവത്ക്കരണത്തിൽ കൂട്ടി ചേർക്കേണ്ടതായ പലതും മിസ്സിംഗ് ആയിപ്പോയെന്നു മാത്രം. ഉദാഹരണത്തിന് കൊലയാളി ആര് എന്ന ചോദ്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സിനിമയിൽ ഒന്നുകിൽ ശക്തനായ ഒരു വില്ലനെ അവതരിപ്പിക്കണം, അല്ലെങ്കിൽ കൊലയാളി ആരെന്നുള്ള സസ്പെൻസിന് പ്രാധാന്യം കൊടുക്കണം, അതുമല്ലെങ്കിൽ കൊലയാളി ആരെന്നു കാണികൾക്ക് മാത്രം ബോധ്യപ്പെടുത്തി കൊടുക്കുകയും അതോടൊപ്പം നായക കഥാപാത്രത്തിന്റെ അന്വേഷണാത്മകത പ്രേക്ഷകന് അതേ പടി അനുഭവപ്പെടുത്തണം. ഇവിടെ ഇപ്പറഞ്ഞതൊന്നും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല ഒരു സാധാരണ പ്രേക്ഷകൻ പ്രതീക്ഷിച്ചു പോകുന്ന മിനിമം ട്വിസ്റ്റുകൾക്ക് പോലും സാധ്യത കൊടുക്കാതെ കൊലയാളിയെയും കൊലപാതക കാരണത്തെയും വിധിയുടെ വികൃതികളെന്ന മട്ടിൽ പറഞ്ഞവസാനിപ്പിക്കുകയാണ് സിനിമ. ലക്ഷ്യം എന്ന സിനിമയുടെ പേര് പോലും അപ്രസക്തമാകുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ സിനിമ നിരാശയാകുന്നു. 
ആകെ മൊത്തം ടോട്ടൽ = ഒരു ത്രില്ലർ സിനിമയുടെ ചുറ്റുവട്ടം ഉണ്ടാക്കിയെടുക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടെങ്കിലും ത്രില്ലിംഗ് ആയ ഒരു സിനിമാനുഭവം തരുന്നതിൽ സിനിമ പരാജയപ്പെടുന്നു. പ്രത്യേകിച്ച് രണ്ടാം പകുതി തൊട്ടുള്ള കഥാഗതിയും ക്ലൈമാക്‌സും. ബിജുമേനോൻ – ഇന്ദ്രജിത് ടീമിന്റെ ആദ്യ പകുതിയിലെ കോമഡി സീനുകൾ മാത്രമാണ് ഒരാശ്വാസമായി ഓർക്കാനുള്ളത്. കാടിന്റെ മനോഹാരിത ഏറെക്കുറെ നന്നായി പകർത്താൻ സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. വിജയ് യേശുദാസ് പാടിയ ‘കാറ്റ് വന്നുവോ ..” എന്ന് തുടങ്ങുന്ന പാട്ടും മനോഹരമായിരുന്നു. 

Originally Published in സിനിമാ വിചാരണ

ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.