ഇവിടെ പഠിച്ചാല്‍ മാത്രം പോരാ; പാസ്സാകണമെങ്കില്‍ മരവും നട്ടു വളര്‍ത്തണം

0

മരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ മാത്രം ഡിഗ്രി പാസ്സാക്കുന്ന ഒരു കലാലയമോ? അതെ അങ്ങനെ ഒന്നുണ്ട്. ഇന്ത്യയില്‍ തന്നെ. ബംഗളൂരു സര്‍വകലാശാലയാണ് ഈ അപൂര്‍വ്വനടപടിയുമായി മുന്നോട്ട് പോകുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഓരോ ദിവസം കൂടുംതോറും വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ മരങ്ങളുടെ സംരക്ഷണവും കൂടുതല്‍ മരങ്ങള്‍ നടേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ബംഗളൂരു സര്‍വകലാശാല ഈ ആശയം പ്രാവര്‍ത്തികമാക്കിയത്.

ഇവിടെ ബിരുദാനന്തര ബിരുദത്തിന് ചേരുന്നവരെല്ലാം ജ്ഞാനഭാരതിയിലെ വിശാലമായ ക്യാംപസില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. മരത്തൈ നട്ടാല്‍ മാത്രം പോരാ, അത് വളരുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണം, എങ്കിലേ പഠനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റും വാങ്ങി പോകാനാകൂ.

പ്രകൃതി സംരക്ഷണം കന്നഡിഗ സംസ്‌കാരത്തിന്റെ ഭാഗമാണ്. മഹാനഗര പദവിയിലേക്കുള്ള ബംഗളുരുവിന്റെ വളര്‍ച്ചയില്‍പ്പോലും സാധ്യമാകുന്നിടത്തെല്ലാം മരങ്ങളും പച്ചപ്പും നിലനിര്‍ത്താന്‍ ആവുന്നത്ര ശ്രമിക്കുന്നവരാണ് ഇവിടത്തുകാര്‍.തുമക്കൂരുവിലെ ശ്രീ സിദ്ധാര്‍ഥ സര്‍വകലാശാലയില്‍ ഈ പതിവ് ഇപ്പോള്‍ത്തന്നെയുണ്ട്. അവിടെ കോഴ്‌സ് കഴിയുമ്പോഴാണ് തൈ നടേണ്ടതെന്ന വ്യത്യാസം മാത്രമാണുള്ളത്. കൂട്ടത്തില്‍ ബിരുദദാന ചടങ്ങിനൊപ്പം തൈ നടുന്നതിന്റെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റും കിട്ടും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.