ഭൂമി തട്ടിപ്പു കേസ്: നടൻ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റില്‍

0

കോയമ്പത്തൂർ ∙ ഭൂമിയിടപാടു കേസിൽ മലയാളി പിടിയിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വിൽക്കാൻ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാൻസ് തുക തിരിച്ചു തന്നില്ലെന്ന പരാതിയിൽ സുനിൽ ഗോപിയെയാണു ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനാണ് സുനിൽ.

ജിഎൻ മിൽസിലെ ഗിരിധരന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സുനിൽ നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഭൂമിയുടെ റജിസ്ട്രേഷൻ അസാധുവാണെന്നു കോടതി അറിയിച്ചു. ഇതു മറച്ചുവച്ചു സുനിൽ ഗിരിധരന് ഭൂമി വിൽക്കാൻ 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നാണു പരാതി.
രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചുചോദിച്ചപ്പോൾ നൽകിയില്ല. സുനിൽ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനിൽ ഗോപിയെ റിമാൻഡ് ചെയ്തു.