ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു

0

തിരുവനന്തപുരം: വിവാദമായ നിരവധി കേസുകൾ പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയാണു വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ ബഹുമാനാർഥം ഒരു ഫുൾ കോർട്ട് റഫറൻസ് ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടത്തും.

കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രീം കോടതി, കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്നു. 2019ലാണ് സിറിയക് ജോസഫ് ലോകായുക്തയായി നിയമിക്കപ്പെടുന്നത്.

ലോകായുക്തയായിരുന്ന കാലയളവിൽ 2,087 കേസുകളാണ് കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെട്ടത്. ഇതിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമെതിരായ ദുരിതാശ്വാസ നിധി ക്രമക്കേട് ആരോപണം, മുൻ മന്ത്രി കെ.കെ ശൈലജയ്ക്കെതിരായ ആരോപണം, മന്ത്രി കെ.ടി ജലീൽ രാജിവെക്കേണ്ടി വന്ന ബന്ധുനിയമനക്കേസ് ഉൾപ്പെടെയുണ്ട്. 3,021 കേസുകൾ ഇക്കാലയളവിൽ തീർപ്പാക്കി. 2019 മാർച്ചിനു മുൻപ് ഫയൽ ചെയ്ത കേസുകളും തീർപ്പാക്കിയവയിൽ ഉൾപ്പെടും.

1,344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഇക്കാലയളവിൽ തീർപ്പാക്കിയത്. ഇവയിൽ 1,313 കേസുകളിലെ ഉത്തരവ് ജസ്റ്റീസ് സിറിയക് ജോസഫ് ആണ് തയാറാക്കിയത്. 116 കേസുകളിൽ സെക്‌ഷൻ 12 പ്രകാരമുള്ള റിപ്പോർട്ട് സർക്കാരിനു നൽകി. അതിൽ 99 റിപ്പോർട്ടുകൾ തയാറാക്കിയത് ജസ്റ്റിസ് സിറിയക് ജോസഫ് ആണ്. 693 കേസുകളാണ് നിലവിൽ തീർപ്പാക്കുവാനുള്ളത്.