കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

0

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് (61) അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്. മോഹൻലാലിന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ സിനിമാ ഗാനരചയിതാവായി.

കുട്ടനാടിന്റെ ഉള്ളറിഞ്ഞ പാട്ടുകാരനായിരുന്നു അദ്ദേഹം. കേരനിരകളാടും, ഒരു കാതിലോല,മഴത്തുള്ളികൾ തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടർന്ന് മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടനാട്ടിലെ മങ്കൊമ്പില്‍ 1961 ലാണ് ബീയാര്‍ പ്രസാദിന്‍റെ ജനനം. കലയോടും സാഹിത്യത്തോടും ചെറുപ്പം മുതല്‍ താല്‍പര്യമുണ്ടായിരുന്ന പ്രസാദ് മലയാള സാഹിത്യത്തിലാണ് ബിരുദമെടുത്തത്. 1993 ല്‍ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു ഈ ചിത്രം. പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ രംഗപ്രവേശം ചെയ്തത് പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2003 ല്‍ പുറത്തെത്തിയ കുളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെയായിരുന്നു. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആയിരുന്നു. ഒന്നാംകിളി പൊന്നാംകിളി, കസവിന്റേ തട്ടമിട്ട് തുടങ്ങിയ ഗാനങ്ങളൊക്കെ ഇപ്പോഴും ആസ്വാദക മനസ്സുകളിലുണ്ട്. സിബി മലയില്‍ ചിത്രം ജലോത്സവത്തിലെ കേരനിരകളാടും എന്ന് തുടങ്ങുന്ന ഗാനമാണ് ബീയാറിന്‍റെ മറ്റൊരു ജനപ്രിയ ഗാനം.