ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവം; യുവാവിന്റെ കാൽ കഴുകി ക്ഷമാപണം നടത്തി ശിവരാജ് സിങ് ചൗഹാൻ

0

ഭോപ്പാല്‍: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാൽ കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ ശിവരാജ് സിങ് ചൗഹാൻ കണ്ടത്. വ്യാഴാഴ്ചയാണ് ആദിവാസി യുവാവിന്‍റെ കാലു കഴുകിയ ശേഷം മുഖ്യമന്ത്രി ക്ഷമാപണം നടത്തിയത്. പ്രവേശ് ശുക്ല എന്നയാളാണ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സര്‍ക്കാര്‍ ഇയാളുടെ വീടിന്‍റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അനധികൃത നിര്‍മ്മാണമെന്ന് കാണിച്ചായിരുന്നു നടപടി.

ഇതിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം തണുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ആദിവാസി യുവാവിനെ മുഖ്യമന്ത്രി നേരിട്ട് കാണുന്നത്. ഭോപ്പാലിലെ സ്മാര്‍ട് സിറ്റി പാര്‍ക്കില്‍ യുവാവിനൊപ്പമെത്തിയ മുഖ്യമന്ത്രി വൃക്ഷ തൈ നട്ടിരുന്നു. യുവാവിന് നേരിട്ട അപമാനത്തിലും അക്രമത്തിലും അതീവ ദുഖമുണ്ടെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയം 294, 504 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രവേശ് ശുക്ളയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമത്തിനും അശ്ലീലത പ്രദര്‍ശനം ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം അടക്കമുള്ളവയാണ് ശുക്ളയ്ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. മധ്യപ്രദേശിലെ സിദ്ധിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.