തളത്തിൽ ദിനേശൻ, ‘വടക്കുനോക്കിയന്ത്ര’ത്തിലെ ഈ ശ്രീനിവാസൻ കഥാപാത്രത്തെ ചിരിയോടെയല്ലാതെ ഓർമിക്കാൻ മലയാളികൾക്ക് കഴിയില്ല. വടക്കുനോക്കിയന്ത്രം അടുത്ത വർഷം 30-ആം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, ഇന്ന് സോഷ്യൽമീഡിയയിൽ മലയാളികളെ ഒന്നാകെ പൊട്ടിച്ചിരിപ്പിക്കാൻ മറ്റൊരു ദിനേശൻ എത്തിയിരിക്കുന്നു; പക്ഷെ കൂടെ ശോഭക്ക് പകരം “സുലു” ആണെന്ന് മാത്രം; മാത്രമല്ല ഇവിടെ തളത്തിൽ ദിനേശന്‍റെ ‘അപകര്‍ഷതാബോധം’ കുറച്ചൊക്കെ കിട്ടിയിരിക്കുന്നത് ഭാര്യ സുലുവിനാണ്. കണ്ണൂർ സ്വദേശികളായ വിജിലും ഭാര്യ അംബികയുമാണ് ‘മലബാർ കഫേ’യുടെ ബാനറിൽ നിങ്ങളെ ചിരിപ്പിക്കാൻ എത്തുന്നത്.

സമകാലികസംഭവങ്ങളെ ഹാസ്യരൂപേണ അവതരിക്കുന്ന ഒരു പാട് ചെറുചിത്രങ്ങൾ (Shortfilm) ഇന്ന് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ഇച്ചിരി വ്യത്യസ്തയോടെ ചിരിപ്പിക്കുകയാണ് ‘മലബാർ കഫെ’ യിലെ ദിനേശനും സുലുവും. വിഷയം സമകാലികം തന്നെ. ഈയിടെ വിവാദമായ ഫെമിനിസം വിഷയം, ‘ഒരു മുട്ടൻ ഫെമിനിസ്റ് ‘ എന്ന ചെറുചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ‘വാലന്റയിൻ ദിവസം’ മറന്നു പോകുന്ന ഭർത്താക്കന്മാർക്കുള്ള രസകരമായ ഒരു ഓർമ്മപ്പെടുത്തലാണ്, ‘ഒരു SET UP Valentines Day‘ എന്ന ചിത്രത്തിൽ പറയുന്നത്.

മലബാർ കഫെയിലെ പൊട്ടിചിരികളെ കുറിച്ച് വിജിലിന് പറയാനുള്ളത്.

ഈ വിജയത്തിന് പിന്നിൽ മലബാർ ഭാഷക്കും ഒരു പങ്കുണ്ടെന്നു പറഞ്ഞാൽ ‘ഇങ്ങള് ‘ സമ്മതിക്കുമോ ?
തീർച്ചയായും, കണ്ണൂർ ശൈലി ഒരു പാട്‌ പങ്കു വഹിചിട്ടുണ്ടു.

‘തളത്തിൽ ദിനേശൻ’ ഈ ദിനേശനെ സ്വാധീനിച്ചിട്ടുണ്ടോ ?
തളത്തില്‍ ദിനേശന്‍ ഒരു എവര്‍ഗ്രീന്‍ കാരക്ടര്‍ ആണ്. ദിനേശന്‍ എന്ന പേര് ആളുകളില്‍ എത്താന്‍ ഒരുപാടു കഷ്ടപ്പെടേണ്ട എന്ന് തോന്നി. പക്ഷെ ആ കഥാപാത്രത്തിന്റെ സ്വഭാവം ഈ ദിനേശനില്‍ കാണാന്‍ സാധിക്കില്ല.

കഥ, തിരക്കഥ, അഭിനയം, കാമറ… ഈ ബാലചന്ദ്രമേനോൻ സ്റ്റൈൽ എങ്ങനെ കൈകാര്യം ചെയ്യുന്നു ?
അത് ബോധപൂര്‍വ്വം ചെയ്യുന്നതല്ല. എല്ലാം ഒറ്റക്ക് ചെയ്യണം എന്നാ നിര്‍ബന്ധവും ഇല്ല. ഒരു കാമറ ഉണ്ടായിരുന്നു. എന്ത് കൊണ്ട് നമ്മുടെ മനസ്സിലെ കാര്യങ്ങള്‍ അല്പം തമാശയില്‍ കൂടെ പറഞ്ഞു കൂടാ, എന്ന ചിന്തയാണ് ഇങ്ങനെ ചെയാന്‍ പ്രേരിപ്പിച്ചത്.

എങ്ങനെയാണ് ഷോര്‍ട്ട്ഫിലിമിനുള്ള ത്രെഡ് കണ്ടെത്തുന്നത് ?
ത്രെഡ് കണ്ടെത്താനുള്ള ഒരു ശ്രമമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ഇതൊക്കെ നമ്മുടെ ചുറ്റുപാടും നടക്കുന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ മാത്രമാണ്. പിന്നെ നമ്മുടെ ഷോര്‍ട്ട്ഫിലിമില്‍ എല്ലാം വളരെ ലഘുവായിട്ടുള്ള വിഷയങ്ങളാണ് വരാറുള്ളത്.

‘സുലു’വിൻറെ സപ്പോര്‍ട്ടിനെ കുറിച്ച് ?
സുലു.. (ചിരിക്കുന്നു), ഭാര്യ അംബിക; എന്റെ എല്ലാ കാര്യങ്ങള്‍ക്കും അവള്‍ തരുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്‌. അത് വ്യക്തിജീവിതത്തില്‍ ആയാലും ശരി ഈ ഷോര്‍ട്ട്ഫിലിമിന്‍റെ കാര്യത്തില്‍ ആയാലും ശരി.

സോഷ്യൽമീഡിയയിലെ ആരാധകരെ കുറിച്ച്
ഒരു പാടു സന്തോഷം. നമ്മുടെ വീഡിയോ കണ്ടു നമ്മളെ ഇഷ്ടപ്പെട്ടു മെസ്സേജ് അയക്കുകയും, ഇത്രയും സപ്പോര്‍ട്ട് തരികയും ചെയ്യുന്നവരെ കുറച്ചു എത്ര പറഞ്ഞാലും കൂടുതലാവില്ല. എന്നും ഒരു പാട് മെസ്സേജുകള്‍ വരാറുണ്ട്. എല്ലാവരോടും ഒരു പാട് സ്നേഹം.

മലബാർ കഫെ : യൂട്യൂബ് ചാനല്‍ | ഫേസ് ബുക്ക്‌ പേജ്

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.