വിനോദ യാത്രയ്ക്ക് പോകാന്‍ അനുവാദം തേടി, മരിക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണി വരെ നികിത അമ്മയോട് സംസാരിച്ചു

0

ജര്‍മനിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്പുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകള്‍ നികിതയുടെ (22) പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെങ്കില്‍ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും.

മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേന്ന് വരെ നികിത അമ്മ ട്രീസയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്‌സാണ് ട്രീസ. ബുധനാഴ്ച രാത്രി ഒരു മണി വരെ (വ്യാഴാഴ്ച പുലര്‍ച്ചെ) നികിത അമ്മയോട് ഫോണില്‍ സംസാരിച്ചു. വളരെ സന്തോഷത്തോടെയാണ് നികിത കാര്യങ്ങള്‍ സംസാരിച്ചത്. പിറ്റേന്ന് രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് നികിത അമ്മയോട് അനുവാദം ചോദിച്ചിരുന്നു. ട്രീസ അനുവാദം നല്‍കുകയും ചെയ്തു. കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകാന്‍ തയ്യാറെടുപ്പ് നടത്തുകയായിരുന്ന നികിതയെ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്.