കണ്ണൂർ സിംഗപ്പൂർ വിമാന സർവീസ്: അധികൃതരുമായി ചർച്ച നടത്തി.

1
ഗംഗാധരൻ കുന്നോൻ, എയർ പോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭാഷ് മുരിക്കഞ്ചേരിയോടൊപ്പം

കണ്ണൂർ എയർപോർട്ടിൽ നിന്നു സിംഗപ്പൂരിലേക്ക് നേരിട്ട് വിമാന യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിൽ സിംഗപ്പൂരിലെ പ്രവാസി എക്സ്പ്രസ്സ്‌ പ്രതിനിധിയും സിംഗപ്പൂർ കൈരളീ കലാനിലയം പ്രസിഡന്റുമായ ഗംഗാധരൻ കുന്നോൻ എയർ പോർട്ട്‌ അധികൃതരുമായി ചർച്ച നടത്തി. എയർ പോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭാഷ് മുരിക്കഞ്ചേരിക്ക് തങ്ങളുടെ ആവശ്യങ്ങൾ വിശദീകരിച്ചു നിവേദനം നൽകുകയും ചെയ്തു.

ചർച്ചയിൽ മികച്ച നിർദ്ദേശങ്ങൾ ഉയർന്നു വന്നെങ്കിലും നേരിട്ടുളള ഒരു വിമാന സർവീസ് എന്ന സ്വപ്നത്തിനു തിരശീലയുയരാൻ അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. ആദ്യപടിയായി സിംഗപ്പൂരിൽ നിന്നു ചെന്നൈ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തിയുള്ള സർവീസുകൾ തുടങ്ങുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

ഇൻഡിഗോയുടെ സിംഗപ്പൂർ ചെന്നൈ സർവീസ്, വിസ്താരയുടെ ഡെൽഹി,മുംബേ റൂട്ടുകൾ എന്നിവ കണ്ണൂരിലേക്ക്‌ ദീർഘിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ഇതിൽ ഇൻഡിഗോയുടെ സിംഗപ്പൂർ- ചെന്നൈ-കണ്ണൂർ സർവീസ്‌ അനുവദിക്കപ്പെടുകയാണെങ്കിൽ യാത്രക്കാർക്ക്‌ വളരെയധികം ഗുണകരമായിരിക്കും.

വിദേശ വിമാനകമ്പനികൾക്ക് കണ്ണൂരിലിറങ്ങാൻ അനുവാദം ലഭിക്കാത്തതാണു നേരിട്ടുള്ള സർവീസുകൾക്ക് പ്രധാനമായും തടസ്സമാകുന്നത്‌. സിൽക്ക് എയർ‌ അടക്കമുളള വിമാനക്കമ്പിനികൾ കോവിഡിനു മുൻപ്‌ സർവ്വീസ്‌ നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കണ്ടു ഉത്തരകേരളത്തിൽ നിന്നുള്ള പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തണമെന്നും സിംഗപ്പൂരിലെ മലയാളികൾ ആവശ്യപ്പെടുന്നു