കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം; അമേരിക്കന്‍ മലയാളി മരിച്ചു

0

മുംബൈ: അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അമേരിക്കൻ മലയാളി മരിച്ചു. പന്തളം മണ്ണിൽ മനോരമ ഭവനിൽ പരേതനായ എം.കെ തോമസിന്റെ മകൻ മാത്യു തോമസാണ് (ബാബു- 72) മരിച്ചത്. അമേരിക്കയില്‍ നിന്ന് ദോഹ വഴി കേരളത്തിലേക്ക് വരുന്നതിനിടയിൽ ദോഹ – കേരള റൂട്ടില്‍ വെച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്.

ന്യൂയോർക്കിൽ നിന്ന് ഭാര്യക്കൊപ്പം ഖത്തർ എയർവേസ് വിമാനത്തിലാണ് മാത്യു തോമസ് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയതിന്. അവിടെ നിന്ന് കേരളത്തിലേക്ക് ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര. ഇതിനിടയിലാണ് വിമാനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. തുടര്‍ന്ന് അടിയന്തര സാഹചര്യം പരിഗണിച്ച് വിമാനം മുംബൈ എയർപോർട്ടിലേക്ക് തിരിച്ചു വിട്ടു. വിമാനം ലാന്റ് ചെയ്‍ത ഉടനെ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ മുംബൈ നാനാവതി ഹോസ്‍പിറ്റിലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നാട്ടിൽ സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഭാര്യക്കൊപ്പം വന്നതായിരുന്നു മാത്യു തോമസ്. ഭാര്യ – റോസി മാത്യു. മക്കൾ – തോമസ് മാത്യു, കുര്യൻ മാത്യു (ഇരുവരും യുഎസ്എ). മൃതദേഹം മുംബൈ നാനാവതി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയിലുള്ള മക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.