പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമാരയ തബൂക്കിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. തബൂക്കിൽ സഹോദരൻ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടൽ നടത്തിവരികയായിരുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണവിവരമറിഞ്ഞു ദുബായിലുള്ള മകൻ അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്.

20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി തബൂക്കിലായിരുന്നു. പിതാവ് – പരേതനായ പക്കർമാർ ഹാജി, മാതാവ് – കുഞ്ഞലിയുമ്മ. ഭാര്യ – സലീന. മക്കൾ – അജിനാസ് (ദുബൈ ), നഫ, മിൻഹ. സഹോദരങ്ങൾ – അബ്ദുള്ള, മുഹമ്മദ്‌, അഷറഫ്, ആഞ്ഞു, ഖദീജ, ആയിഷ, നഫീസ.