പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

0

റിയാദ്: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അൽ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്ന യുവാവ് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല. ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടിൽ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ. അതിന് ശേഷം ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല.

ഈ മാസം 13-ന് വർക്ക്ഷോപ്പിലെ സഹപ്രവർത്തകൻ യുവാവ് താമസിക്കുന്ന മുറിയിൽ പോയി നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല. ഭാര്യ – ടിന്റു സുഗതൻ. മക്കൾ – അഭിനവ് അനീഷ്, പ്രാർഥന അനീഷ്. രാജനാണ് പിതാവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്.