മലേഷ്യൻ പൗരന്മാർ രാജ്യം വിടുന്നത് ഉത്തര കൊറിയ വിലക്കി

0

കിം ജോഗ് നാമിന്റെ മരണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സംഘർഷത്തിന്റെ വക്കിലായതിന്റെ പശ്ചാത്തലത്തിൽ മലേഷ്യൻ പൗരന്മാർ രാജ്യം വിടുന്നത് ഉത്തര കൊറിയ വിലക്കി. ഉത്തര കൊറിയയിൽ 11 മലേഷ്യൻ പൗരന്മാരാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം ഉള്ളത്. എന്നാൽ മലേഷ്യയിൽ നൂറുകണക്കിന് ഉത്തര കൊറിയക്കാരുണ്ട്. മലേഷ്യയിൽ ഉത്തര കൊറിയയുടെ എംബസിയിലുള്ളവർ പുറത്തുപോകാതിരിക്കാൻ കാവലും ഏർപ്പെടുത്തി കഴിഞ്ഞു.

ഫെബ്രുവരി 13 നാണ് ഉത്തര കൊറിയൻ ഏകാധിപതികിം ജോങ് ഉന്നിന്റെ അർദ്ധ സഹോദരൻ ക്വാലാംപൂർ വിമാനത്താവളത്തിൽ വച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിഎക്സ് ഏജന്റ് എന്ന കൊടിയ വിഷം രണ്ട് വനിതകൾ നാമിന്റെ മുഖത്ത് ബലം പ്രയോഗിച്ച് തേയ്ക്കുകയായിരുന്നു. സംഭവം നടന്ന് കുറച്ച് സമയങ്ങൾക്കകം നാം ബോധരഹിതനായി താഴെ വീഴുകയും മരിക്കുകയും ചെയ്തിരുന്നു.

കേസിൽ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അടക്കം എട്ട് ഉത്തര കൊറിയൻ പൗരൻമാർ ഉൾപ്പെട്ടതായും കണ്ടെത്തി. ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ നയതന്ത്ര ഉദ്യോഗസ്ഥൻ അടക്കം മൂന്നുപേരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും മലേഷ്യ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ആരോപിച്ച ഉത്തര കൊറിയൻ അംബാസഡറെ തിങ്കളാഴ്ച മലേഷ്യ പുറത്താക്കുകയും ചെയ്തിരുന്നു