ഇനി ബാലൻപിള്ളയില്ല; ബാലൻപിള്ള സിറ്റിമാത്രം…

0

ഇടുക്കി: ഇടുക്കിയിലെ അറിയപ്പെടുന്ന ‘സിറ്റി’യായ ‘ബാലൻപിള്ള സിറ്റി’യുടെ പേരിലെ ബാലൻപിള്ള അന്തരിച്ചു. 96 വയസായിരുന്നു. ആലപ്പുഴ പാതിരിപ്പള്ളിയിലെ മകൾ ഗീതയുടെ വീട്ടിൽവെച്ച് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

1957 ലാണ് ബാലൻപിള്ള ഇടുക്കിയിലേക്ക് താമസം മാറിയത്. കുടിയേറ്റക്കാലത്ത് ഇദ്ദേഹം രാമക്കൽമേടിന് സമീപം ചായക്കട നടത്തിയിരുന്ന തമിഴ്നാട്-കേരള അതിർത്തി പ്രദേശമാണ് പിൽക്കാലത്ത് ബാലൻപിള്ള സിറ്റിയായത്. ഇവിടത്തെ എസ്.എച്ച്.ഹൈസ്‌കൂളിന്റെ എതിർവശത്തായിട്ടായിരുന്നു ബാലൻപിള്ളയുടെ ചായക്കട.

സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന ഈ കട നാട്ടിൻപുറത്തെ രാഷ്ട്രീയ ചർച്ചകളുടെ സ്ഥിരം വേദിയായിരുന്നു. വിനയനും സൽസ്വഭാവിയുമായ ബാലപിള്ളയുടെ സ്വഭാവവും ഏറെ സ്നേഹമുള്ള അദ്ദേഹത്തിന്റെ ജീവിതരീതിയുമാണ് പിൽകാലത്ത് ഈ പ്രദേശത്തിന് ബാലൻപിള്ള സിറ്റി എന്ന് പേരുനൽക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്.

ലാൽജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന സിനിമയിലൂടെ ഈ സിറ്റിയും ബാലൻപിള്ളയും മലയാളികൾക്ക് സുപരിചിതമായി. സത്യനും പ്രേംനസീറുമടക്കം പല ചലച്ചിതാരങ്ങളുടെയും ഇഷ്ട തുന്നൽക്കാരനുമായിരുന്നു. ആലപ്പുഴയിലേക്ക് അദ്ദേഹം തിരികെ എത്തിയിട്ട് നാലുപതിറ്റാണ്ടിലേറെയായി.

ഭാര്യ: ഭാർഗവി. മക്കൾ: ചന്ദ്രമോഹൻ, വിമല എസ്.നായർ, ശ്രീദേവി വാസുദേവൻ, രവീന്ദ്രനാഥ്, ശ്രീകുമാർ, ഗീതമോഹൻ. മരുമക്കൾ: ശശിധരൻനായർ, വാസുദേവൻനായർ, ശോഭന രവീന്ദ്രനാഥ്, മോഹനൻനായർ.