മെട്രൊ റെയില്‍: സിംഗപ്പൂര്‍ മാതൃക പരിഗണനയിലെന്നു ടോം ജോസ്

0

കൊച്ചി: ഡ്രൈവര്‍മാരില്ലാത്ത സിംഗപ്പൂര്‍ മെട്രൊ റെയില്‍ മാതൃക കൊച്ചി മെട്രോയ്ക്കു പരിഗണനയിലുണ്ടെന്നു  കൊച്ചി മെട്രൊ റെയില്‍ കോര്‍പറേഷന്‍ എംഡി ടോം ജോസ് അറിയിച്ചു. സിംഗപ്പൂര്‍ മെട്രൊ റെയില്‍ സുരക്ഷിതമാണെന്നു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാലു മാസത്തിനുള്ളില്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മെട്രൊ റെയിലിനെ അറിയാന്‍ എന്ന പേരില്‍ മെട്രൊ കൊച്ചി വികസനസമിതി സംഘടിപ്പിച്ച പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം പരിഗണിച്ചിരുന്ന പാതയില്‍ നിന്നു ചെറിയ വ്യത്യാസം അലൈന്‍മെന്റില്‍ ഉണ്െടന്ന് അദ്ദേഹം പറഞ്ഞു. യാത്രയ്ക്കുള്ള പാസായി പ്രത്യേകതരം കാര്‍ഡുകള്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഇതുപയോഗിച്ച് ബസിലും ട്രെയിനിലും ഓട്ടോയിലും ബോട്ടിലും യാത്ര ചെയ്യാവുന്നതാണ്. ബാങ്കുകളുമായി ചേര്‍ന്നായിരിക്കും ഇത്തരം കാര്‍ഡുകളിറക്കുക. മെട്രോ റെയിലിന്റെ ഭാഗമായി 20 അനുബന്ധ റോഡുകള്‍ 16 കോടി രൂപ മുതല്‍മുടക്കില്‍ നവീകരിച്ചു. ഇതുമൂലം ഗതാഗതം വഴിതിരിച്ചുവിട്ടാലും നഗരത്തില്‍ ഗാതാഗതക്കുരുക്ക് വലിയ തോതില്‍ ബാധിക്കില്ലെന്നും ടോം ജോസ് പറഞ്ഞു. മെട്രൊ റെയിലിന് ഈ മാസംതന്നെ കേന്ദ്രാനുമതി ലഭിക്കുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ മന്ത്രി കെ. ബാബു പറഞ്ഞു. സ്ഥലമേറ്റെടുപ്പില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്െടങ്കില്‍ മാത്രമെ മെട്രൊ റെയില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഏറ്റെടുക്കുന്ന സ്ഥലത്തിനു ന്യായമായ വിലകൊടുക്കും. നഗരത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് റെസിഡന്റ്സ് അസോസിയേഷനുകളുടെ സജീവ പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പണി തുടങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണ്. എന്നാല്‍ യാതൊരു പ്രശ്നവുമില്ലാതെ പണിനടക്കുന്നുണ്ട്.  ചാള്‍സ് ഡയസ് എംപി, ഫാ. പോള്‍ ചെറുപിള്ളി, അഡ്വ. എം.കെ. ശശീന്ദ്രന്‍, എ.എ. അബ്ദുള്‍ റഷീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.