ഈ കുഞ്ഞിന്റെ കണ്ണീര്‍ പോലും ട്രംപിന്റെ മനസ്സ് മാറ്റില്ല

0

മെക്‌സിക്കോ അതിര്‍ത്തിയില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്ന ട്രംപിന്റെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം ലോകമെങ്ങും പുകയുന്നു. സ്വന്തം ഭാര്യ പോലും എതിരായിട്ടും തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ്‌.


മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റത്തിന് അമേരിക്കന്‍ അധികൃതര്‍ പിടിച്ചുകൊണ്ടുപോയ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തപ്പെട്ട് അമേരിക്കയുടെ സര്‍ക്കാര്‍വക സംരക്ഷണകേന്ദ്രത്തില്‍ കഴിയുന്ന ആറു വയസ്സുകാരി ലോകത്തിന്റെ കണ്ണു വീണ്ടും നനയിക്കുകയാണ്. പപ്പാ…എന്നെക്കൂടി കൊണ്ടുപോകൂ… എന്നലറി കരയുന്ന എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരുടേയും ഹൃദയം നോവിക്കും.പ്രൊപബ്‌ളിക്ക എന്ന മാധ്യമമാണ് ഹൃദയം പിളര്‍ക്കുന്ന ദൃശ്യം പുറത്തു വിട്ടിട്ടുള്ളത്. അഞ്ജാതന്‍ പകര്‍ത്തിയ ദൃശ്യം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജന്നിഫര്‍ ഹാര്‍ബറി വഴിയാണ് പൊപബ്‌ളിക്കിന് കിട്ടിയത്. ലോകമനസ്സാക്ഷിയെ ദൃശ്യം സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ട്രംപിന്റെ കടുത്ത നിലപാടിനെതിരേ ഡെമോക്രാറ്റുകളും റിപ്പബ്‌ളിക്കന്മാരും ഒരുപോലെ രംഗത്തു  വന്നിരിക്കുകയാണ്.

മെക്‌സിക്കോ അതിര്‍ത്തിയില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്നതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു. കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. കുടിയേറ്റക്കാരെ ശല്യക്കാരായ പ്രാണികളോടും മറ്റ് ജീവികളോടുമാണ് ട്രംപ് താരതമ്യപ്പെടുത്തിയത്. ഇതിന് ഉത്തരവാദികള്‍ ഡെമോക്രാറ്റുകളാണെന്നും ട്രംപ് ആരോപിച്ചു.  

രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകള്‍ അനധികൃത ക്രിമിനലുകളായ കുടിയേറ്റക്കാരെ വോട്ടുബാങ്കായി കിട്ടാന്‍ വേണ്ടി അവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് പിരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നും ട്രംപ് പ്രതികരിച്ചു. രണ്ടായിരത്തിനടുത്ത് കുട്ടികളെയാണ് ഇത്തരത്തില്‍ ട്രംപ് ഗവണ്‍മെന്റിന്റെ നയം മൂലം കുടുംബത്തില്‍ നിന്ന് വേര്‍പിരിച്ചത്.കുട്ടികള്‍ ഇത്തരം പുനരധിവാസ കേന്ദ്രങ്ങളില്‍ കടുത്ത മാനസീക പീഡനത്തിന് ഇരയാകുകയാണെന്ന ആരോപണവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. പ്രഥമ വനിത മെലാനിയാ ട്രംപും മുന്‍ പ്രഥമവനിത ലോറാ ബുഷുമെല്ലാം രംഗത്തെത്തി. കുഞ്ഞുങ്ങളെ വേര്‍പിരിക്കുന്നത് കാണാന്‍ തനിക്കാവില്ലെന്നാണ് മെലാനിയ പ്രതികരിച്ചത്. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സമയം’ എന്നായിരുന്നു റിപ്പബ്‌ളിക്കന്‍ നേതാവ് ഏള്‍ ബ്‌ളൂമെനര്‍ ആക്ഷേപിച്ചത്.