വിശ്വപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു 

0

പ്രാഗ്: പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. ദീർഘകാലമായി നീണ്ടു നിന്ന അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് പാരിസിലെ അപ്പാർട്മെന്‍റിൽ വച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചെക് വംശജനായ കുന്ദേര കഴിഞ്ഞ് അമ്പതു വർഷങ്ങളായി പാരിസിലാണ് താമസം.

ചെക്ക് നഗരമായ ബെർണോയിൽ 1929ൽ ജനിച്ച കുന്ദേര സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതോടെ രാജ്യത്ത് നിന്ന് പുറത്തായി. 1975 ൽ അദ്ദേഹം കുടുംബത്തിനൊപ്പം ഫ്രാൻസിലേക്ക് കുടിയേറി.

1979ൽ ചെക്കോസ്ലോവാക്യ അദ്ദേഹത്തിന്‍റെ പൗരത്വം റദ്ദാക്കി. എന്നാൽ, അഞ്ച് വർഷങ്ങൾക്കു ശേഷം ഫ്രാൻസ് കുന്ദേരയ്ക്ക് പൗരത്വം നൽകി. നാൽപ്പതു വർഷങ്ങൾക്കു ശേഷം ചെക് റിപ്പബ്ലിക് തങ്ങളുടെ പൂർവികരാജ്യത്തിന്‍റെ തെറ്റ് തിരുത്തി മിലൻ കുന്ദേരക്ക് വീണ്ടും പൗരത്വം നൽകിയിരുന്നു.

1967ൽ പ്രസിദ്ധീകരിച്ച ദി ജോക് ആയിരുന്നു കുന്ദേരയുടെ ആദ്യ നോവൽ. ദി ബുക് ഒഫ് ലോഫ്റ്റർ ആൻഡ് ഫോർഗറ്റിങ് എന്നകൃത 1979ൽ പുറത്തിറങ്ങി.ഇവ രണ്ടും ഫ്രഞ്ചിലാണ് എഴുതിയത്. പ്രാഗിനെ കേന്ദ്രീകരിച്ച് എഴുതിയ ദി അൺബെയറബിൾ ലൈറ്റ്നസ് ഒഫ് ബീയിങ് ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ കൃതി. ഈ കൃതി പിന്നീട് സിനിമയായി മാറി.