പുതു ചരിത്രം കുറിച്ച് ലൂസിഫർ; 200 കോടി സ്വന്തമാക്കിയ ആദ്യ മലയാള സിനിമ

0

ആരാധകരെയെല്ലാം ആവേശത്തിരയിലാഴ്ത്തി ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ടു. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി മറികടക്കുന്ന ആദ്യ ചിത്രം എന്ന സർവ്വകാല റെക്കോർഡാണു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ലൂസിഫര്‍ സിനിമയുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ‘ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി.. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്വം’..! എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

150 കോടി രൂപ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെയാണ് ലൂസിഫര്‍ മറികടന്നത്. പുലിമുരുകനേക്കള്‍ വേഗത്തില്‍ 100, 150 കോടി ക്ലബുകളിലും ലൂസിഫര്‍ ഇടം നേടിയിരുന്നു.

മാര്‍ച്ച് ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത ലൂസിഫര്‍ മേയ് പതിനാറ് എത്തുമ്പോള്‍ അമ്പത് ദിവസത്തിലെത്തിയിരിക്കുകയാണ്. അമ്പതാം ദിവസമാണ് മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരുന്ന ആ വാര്‍ത്ത പുറത്ത് വന്നത്.

ലൂസിഫറിന്റെ ഔദ്യോഗിക പേജിലൂടെയാണ് തങ്ങളുടെ സിനിമ ഇരുന്നൂറ് കോടി നേടിയ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വാര്‍ത്ത സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ആന്റണിയും ഷെയര്‍ ചെയ്തിട്ടുണ്ട്. അതേ സമയം സംവിധായകന്‍ പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

മുരളി ഗോപി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ,പൃഥ്വിരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.