തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കായി എത്തിയ അതേ ദിവസം തന്നെ രാത്രി റൂമില്‍ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ബബ്‍ലു ഗംഗാറാമിന്റെ മൃതദേഹമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാട്ടിലെത്തിച്ചത്. ജിദ്ദ വിമാനത്താവളം വഴി ലഖ്‍നൗവില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

രണ്ട് മാസം മുമ്പാണ് അദ്ദേഹം പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെ നജ്റാനില്‍ എത്തിയത്. അതേദിവസം തന്നെ രാത്രി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനായി നാട്ടുകാരാനായ ഒരാളുടെ പേരില്‍ കുടുംബാംഗങ്ങള്‍ സമ്മതപത്രം നല്‍കിയെങ്കിലും ഇയാള്‍ പിന്നീട് ശ്രമം ഉപേക്ഷിച്ചു. ഗംഗാറാമിനെ നാട്ടില്‍ നിന്ന് സൗദിയിലേക്ക് അയച്ച ട്രാവല്‍ ഏജന്‍സി ഉടമ പിന്നീട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു.

കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രതിഭ സാംസ്‍കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനറും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗവുമായ അനില്‍ രാമചന്ദ്രന്റെ പേരില്‍ ബന്ധുക്കള്‍ പുതിയ സമ്മതപത്രം അയക്കുകയായിരുന്നു. സൗദിയില്‍ സ്‍പോണ്‍സറുടെ കീഴില്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് സ്‍പോണ്‍സര്‍ ഒഴിഞ്ഞുമാറിയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ കോണ്‍സുലേറ്റാണ് വഹിച്ചത്.