മുംബൈയില്‍ പ്രതിഷേധവുമായി നഴ്‌സുമാര്‍: കോവിഡ് ബാധിച്ച നേഴ്‌സുമാരെ ഐസൊലേറ്റ് ചെയ്തിരിക്കുന്നത് മോശം സാഹചര്യത്തിൽ

0

മുംബൈ: മുംബൈ ഹിന്ദുജ ഹോസ്പിറ്റലിൽ മലയാളികളടക്കമുള്ള നഴ്‌സുമാർ സമരത്തിൽ. കൊവിഡ് രോഗികളായ നഴ്‌സുമാരെ മോശം സാഹചര്യത്തില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമരം. ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണവും, മരുന്നുകളും പോലും കൃത്യമായി കിട്ടാറില്ലെന്ന് സമരം ചെയ്യുന്ന നഴ്‌സുമാര്‍ പറയുന്നു.

ഹിന്ദുജ ആശുപത്രിയിലെ 50ൽ അധികം നഴ്‌സുമാർക്കാണ് കോവിഡ് രോഗം ബാധിച്ചിട്ടുള്ളത്. ഇപ്പോഴും ചികിത്സയിലുള്ള നഴ്‌സുമാരെ രോഗം സ്ഥിരീകരിക്കുന്നതിന് പിന്നാലെ മുംബൈ കോർപറേഷന്റെ ആരോഗ്യ വിഭാഗത്തിന് കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. അവിടെനിന്നാണ് ഇവരെ ഐസൊലേഷനിലേക്ക് മാറ്റുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത കോവിഡ് കെയർ സെന്ററായ വർളിയിലെ സർദാർ വല്ലഭായി പട്ടേൽ സ്റേഡിയത്തിലെ ഐസൊലേഷൻ സെന്ററിലേക്കാണ് കോവിഡ് ബാധിച്ച ഹിന്ദുജയിലെ 5 നഴ്‌സുമാരെ മാറ്റിയിരിക്കുന്നത്.

വൃത്തിഹീനമായ ടോയിലറ്റ് സൗകര്യങ്ങളടക്കം നിരവധിപ്രശ്നങ്ങൾ ഇവർക്കവിടെയുണ്ട് എന്ന് ഉന്നയിച്ചുകൊണ്ടാണ് ആരോഗ്യപ്രവർത്തകർ സമരം ചെയ്യുന്നത്. ഇവരെ എന്തുകൊണ്ട് ആശുപത്രിയിൽ തന്നെ ചികിൽസിച്ചുകൂടാ എന്നതാണ് ഇവരുന്നയിക്കുന്ന ചോദ്യം. ആരോഗ്യ പ്രവർത്തകരുടെ ഈ ദുരനുഭവത്തെ കുറിച്ച് ഹോസ്പിറ്റൽ മാനേജ്മെന്റുമായി ചർച്ച ചെയ്തിരുന്നെങ്കിലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടാവാത്തതിനെ തുടർന്നാണ് നഴ്‌സുമാർ സമരത്തിലേർപ്പെട്ടത്.

മുംബൈയിലെ പല ആശുപത്രികളിലും നഴ്‌സുമാർ സമാന ആവശ്യങ്ങൾ ഒന്നയിച്ചുകൊണ്ട് സമരം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മലയാളികളടക്കമുള്ള നേഴ്‌സുമാരാണിപ്പോൾ കോവിഡ് രോഗികളായ സഹപ്രവർത്തകർക്കുവേണ്ടി സമരമുഖത്തുള്ളത്.