അദാനിയെ കുറ്റവിമുക്തനാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമെന്ന് ഫിനാൻഷ്യൽ ടൈംസ്

0

ഗൗതം അദാനിക്കെതിരെ നേരത്തെ ഡിആർഐ അന്വേഷണം നടത്തിയിരുന്നതായി ഫിനാൻഷ്യൽ ടൈംസ്. ആദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച് 2014ൽ അന്വേഷണം നടന്നിരുന്നു എന്നാണ് ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ട്. ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) ആണ് അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിച്ചു.

2014ൽ ഡിആർഐ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കൂടുതൽ പരിശോധനയ്ക്കായി സെബിക്ക് കൈമാറിയിരുന്നു. വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികൾ വാങ്ങിയതിന്റെ സൂചനകൾ ഡിആർഐ പങ്കുവച്ചിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ സെബി അന്വേഷണം അവസാനിപ്പിച്ച് അദാനിക്ക് ക്ലീൻ ചിറ്റ് നൽകി. ഡിആർഐ വിധിനിർണയ അതോറിറ്റിയാണ് കേസ് അവസാനിപ്പിച്ച് തീർപ്പുകൽപ്പിച്ചത് എന്നും ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

സെബിക്കെതിരെയും ഫിനാൻഷ്യൽ ടൈംസ് രംഗത്തുവന്നു. അദാനിക്കെതിരായ ആരോപണം സെബി നേരത്തെ പരിശോധിച്ചതിലെ നിഷ്പക്ഷതയിലും സംശയമുണ്ടാക്കുന്നു. ഡിആർഐ അന്വേഷണം നടക്കുന്ന വേളയിലെ സെബിയുടെ നിലപാടിലാണ് സംശയം. 2011മുതൽ 2017വരെ സെബി ചെയർമാനായിരുന്ന യു കെ സിൻഹ, അദാനി മാധ്യമ സ്ഥാപനം ഏറ്റെടുത്തപ്പോൾ അതിന്റെ തലപ്പത്തെത്തി എന്നും റിപ്പോർട്ടിൽ പറയുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തിറങ്ങി ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് OCCRP യുടെ ഈ റിപ്പോർട്ട്. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് OCCRP. മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. അദാനി തന്നെ രഹസ്യമായി സ്വന്തം കമ്പനികളിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തി.

2013 മുതൽ 2018 വരെ ഗ്രൂപ്പ് കമ്പനികൾ തങ്ങളുടെ ഓഹരികൾ രഹസ്യമായി വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആര്‍.പിയുടെ കണ്ടെത്തൽ. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു.