ആറ്റിങ്ങലിൽ പ്രകാശം പരത്തി അടൂർ പ്രകാശ്; വൈറലായി ഈ ന്യൂജൻ പോസ്റ്റര്‍

0

പണ്ട് നിരത്തുവക്കുകളും ചായപ്പീടികയുടെ ചുമരുകളുമൊക്കെയായിരുന്നു വോട്ടുപ്രചാരണത്തിന്റെ പ്രധാന സിരാ കേന്ദ്രങ്ങൾ. എന്നാൽ ഇപ്പോൾ കാലം മാറിയതോടെ വോട്ടുപിടിത്തത്തിനും പ്രചാരണത്തിനുമെല്ലാം ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിച്ച് തുടങ്ങി. വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനും സ്വന്തം ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താനും സ്ഥനാർഥികൾ പുത്തൻ പരീക്ഷണങ്ങൾ ഓരോന്നായി നടത്തികൊണ്ടിരിക്കയാണ്. അത്തരത്തിൽ ഹിറ്റായി കൊണ്ടിരിക്കുന്ന ഒരു [പോസ്റ്റർ ആണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആടൂര്‍ പ്രകാശിനായി യൂത്ത് കോണ്‍ഗ്രസ് തയ്യാറാക്കിയ പോസ്റ്റര്‍

സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച സൂപ്പർ ഹിറ്റ് സിനിമയായ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അടൂർ പ്രകാശിന്റെ പുത്തൻ സൈബർ പ്രചാരണം. ഫഹദിന്റെ തല മാറ്റി അവിടെ അടൂർ പ്രകാശിന്റെ തല ചേർത്താണ് വേറിട്ട പ്രചാരണം. നിമിഷനേരം കൊണ്ട് തന്നെ ഈ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. സ്ഥാനാർഥിയും തന്‍റെ പേജിൽ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണിയാപുരം ഠൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആറ്റിങ്ങലില്‍ എത്തിയ അടൂര്‍ പ്രകാശിന്‍റെ പോസ്റ്ററാണ് ഹിറ്റായി മാറിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവേശപ്പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. ഇടതു മുന്നണിയുടെ സിറ്റിങ് എംപിയായ എ. സമ്പത്തും യുഡിഎഫിന്‍റെ സിറ്റിങ് എംഎൽഎയായ അടൂർ പ്രകാശും നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്.