തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ വിദ്യാർത്ഥിനി മരിച്ചു

1

പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലായിരുന്നു. ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെയായിരുന്നു മരണം. ഇന്ന് ഉച്ചയോടെ പെൺകുട്ടിയുടെ രക്ത സമ്മർദം ഉയരുകയും ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുകയും ചെയ്തതതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.

നെഞ്ചിൽ ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിയിട്ടുണ്ട്. പൊലീസ് എത്തി നാളെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
ഈ മാസം 12നായിരുന്നു വിവാഹഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്‍സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് പെൺകുട്ടിയെ തീകൊളുത്തിയത്.