ബസ് ഓട്ടോ ടാക്സി പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു

0

ബസ്, ഓട്ടോ, ടാക്സി നിരക്കുവർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ഓർഡിനറി ബസുകളിൽ മിനിമം ചാർജ് പത്തുരൂപയായി. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് നിരക്കുകൾ കുത്തനെ കൂടി. ഓട്ടോ മിനിമം ചാർജ് മുപ്പത് രൂപയും ടാക്സി 200 രൂപയും ആയി.

നാലുവർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ പരിഷ്കരിച്ചത്. ഓട്ടോയുടെയും ടാക്സിയുടെയും കാര്യത്തിൽ ഇത് ശരിയാണെങ്കിലും ബസിന്റെ കാര്യത്തിൽ മറിച്ചാണ്. 2020ൽ കോവിഡിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ഉയർത്തിയ നിരക്കുകൾക്ക് മുകളിലാണ് പുതിയ നിരക്കുകൾ ഏർപ്പെടുത്തിയത്.

ബസിന്റെ മിനിമം ചാർജ് പത്തുരൂപയായി. രണ്ട കിലോമീറ്ററാണ് കുറഞ്ഞ ദൂരം. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ കൂടി. സിറ്റി ഫാസ്റ്റിന്റെ മിനിമം ചാർജ് 12 രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റെത് 15 രൂപയായും സൂപ്പർഫാസ്റ്റിന്റെത് 22 രൂപയായും ഉയർന്നു. ഇതെല്ലാം കോവിഡ് കാലത്തെ നിരക്കുകൾക്ക് മുകളിലാണ്. വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ ഇപ്പോൾ മാറ്റമില്ല.

ഓട്ടോറിക്ഷകളിലെ മിനിമം ചാർജ് 30 രൂപയായി. മിനിമം ദൂരം ഒന്നര കിലോമീറ്ററാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ. നാലുചക്ര ഓട്ടോകളുടെ മിനിമം ചാർജ് 35 രൂപ. 1500 സിസിക്ക് താഴെയുള്ള ടാക്സികൾക്ക് മിനിമം നിരക്ക് അഞ്ച് കിലോമീറ്റരിന് 200 രൂപയും 1500 സിസിക്ക് മുകളിലുള്ളതിന് 225 രൂപയുമാണ് നടപ്പിലായ പുതിയ നിരക്ക്.

ഇന്ധനവിലയുടെ കുതിപ്പിനിടെയുള്ള നിരക്ക് വർധന ബസ്, ഓട്ടോ, ടാക്സി ഉടമകൾക്ക് ആശ്വാസമാണ്. എന്നാൽ, വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന സാധാരണക്കാരന്റെ ബജറ്റിന്റെ താളം തെറ്റിക്കുന്നതുമാണ്.