ഫുട്ബോൾ ലോകത്തെ സൂപ്പർ ഏജന്റ് മിനോ റയോള അന്തരിച്ചു

0

മിലാന്‍: ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ ഏജന്റ് മിനോ റയോള (54) അന്തരിച്ചു. ശനിയാഴ്ച മിലാനിലെ സാന്‍ റഫേലെ ആശുപത്രിയിലായിരുന്നു അന്ത്യം. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണവാര്‍ത്ത അറിയിച്ചത്.

ഏപ്രില്‍ 28-ന് റയോള മരിച്ചെന്ന വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്റെ ഡോക്ടറും കുടുംബവും രംഗത്തെത്തുകയും ചെയ്തിരുന്നു. റയോളയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ തന്നെ കുടുംബം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ അന്ത്യം.

പോൾ ബോഗ്ബ, എർലിങ് ഹാളണ്ട്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ ഏജന്റായിരുന്നു ഇറ്റലിക്കാരനായ റയോള. ബ്രസീലിയൻ താരം റോബിഞ്ഞോയുടെ റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള കൂടുമാറ്റത്തിനു പിന്നിൽ റയോളയായിരുന്നു.

1967-ൽ ലിയിലെ സലേർനോയിലാണ് അദ്ദേഹം ജനിച്ചത്. മിനോ റയോള വളർന്നത് നെതർലന്റ്‌സിലാണ്. ചെറുപ്പകാലത്ത് ഫുട്‌ബോൾ കളിച്ചിരുന്ന അദ്ദേഹം എഫ്.സി ഹാർലം എന്ന ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെ പ്രൊഫഷണൽ രംഗത്ത് ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും 18-ാം വയസിൽ തന്നെ കളി ഉപേക്ഷിച്ചു. തുടർന്ന് ഫുട്‌ബോൾ ഏജന്റിന്റെ വേഷത്തിലാണ് അദ്ദേഹം തിളങ്ങിയത്.