ന്യൂസീലൻഡ് വെടിവയ്പ്പ്: മരിച്ചവരിൽ മലയാളി യുവതിയും; മരിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാർ

1

ഒക്‌ലൻഡ്: ന്യൂസിലൻഡിലെ രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയുണ്ടായ ഭീകരരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും. കൊടുങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ ആൻസി അലി ബാവ(23) ആണ് മരിച്ചത്. കഴിഞ്ഞ വർഷവർഷമാണ് ഇവർ ന്യൂസിലാൻഡിലേക്ക് പോയത്. കാർഷിക സർവകലാശാലയിൽ എം.ടെക് വിദ്യാർത്ഥിനിയാണ് ആൻസി. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാർത്താവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. കരിപ്പാക്കുളം അലി ബാവയുടെ മകളാണ് ആൻസി.

വെള്ളിയാഴ്ചയാണ് ന്യൂസീലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തിലാകെ 49 പേർ മരിക്കുകയും 20ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്.

അഞ്ച് ഇന്ത്യക്കാരാണ് ആക്രമണത്തിൽ മരിച്ചത്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇന്ത്യക്കാരിൽ ഒരാൾ. ഒമ്പത് ഇന്ത്യൻ വംശജരെ കാണാതായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർക്ക് പരിക്കേറ്റു. മറ്റ് ആറുപേരെ കുറിച്ച് വിവരമില്ല. പരിക്കേറ്റവരിൽ ഒരാൾ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസലൻഡിൽ ഹോട്ടൽ വ്യവസായം നടത്തുന്ന ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ആക്രമണം നടത്തിയത് പിടിയിലായ ബ്രെന്‍റണ്‍ ടാരന്‍റൻ എന്ന 28കാരൻ മാത്രമാണെന്ന് ന്യൂസിലൻഡ് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേർക്ക് ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ലോകത്തെ നടുക്കിയ ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർപിടഞ്ഞു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരൻ ബ്രന്റൺ ടറന്റാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുൾപ്പെടെ നാല് പേരെ ന്യൂസിലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, വെടിവയ്പ്പ് നടത്തിയ അക്രമി സ്വന്തമായി അഞ്ച് തോക്ക് കൈവശം വച്ചിരുന്ന ആളാണെന്നും തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്ന് രാജ്യത്തെ തോക്ക് നിയമത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അറിയിച്ചു.