കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക;​ 12 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കെ വി തോമസ് പുറത്ത്, പകരം ഹൈബി

0

12 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൽസരിക്കുന്ന 16 സീറ്റുകളിൽ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര എന്നീ നാലിടത്ത് തീരുമാനമായിട്ടില്ല. എറണാകുളത്ത് സിറ്റിങ് എം.പി. കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ തീരുമാനിച്ചു. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്.

സംസ്ഥാന നേതൃത്വത്തിന്‍റെ എതിർപ്പിനെ തുടർന്നാണ് എറണാകുളത്തെ സിറ്റിങ് എംപിയും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായ കെ.വി തോമസിനെ ഒഴിവാക്കിയത്. ഹൈബി ഈഡന് സീറ്റ് നൽകിയത് ഹൈക്കമാൻഡ് നടത്തിയ ഏറ്റവും വലിയ അട്ടിമറിയായി. തീരുമാനത്തിൽ പ്രതിഷേധിച്ച കെ. വി. തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സിറ്റിങ് എം.പി.മാരിൽ തനിക്കുമാത്രം സീറ്റു നിഷേധിച്ചതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വടകരയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ വിദ്യാ ബാലകൃഷ്ണനെ ആദ്യഘട്ടത്തിൽ പരിഗണിച്ചതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് കടുത്ത എതിർപ്പുണ്ടായി. ഇടത് സ്ഥാനാർത്ഥിയായി ശക്തനായ പി ജയരാജൻ മത്സരിക്കുന്ന വടകരയിൽ കരുത്തരായ സീനിയർ നേതാക്കൾ ആരെങ്കിലും മത്സരിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഈ ആവശ്യം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല.

ഹൈബി,ഡീൻ കുര്യാക്കോസ്,ടി. എൻ പ്രതാപൻ,വി. കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ് എന്നിവരാണ് ലിസ്റ്റിലെ യുവത്വത്തിന്റെ പ്രതിനിധികൾ. കാസർകോട് അപ്രതീക്ഷിതമായി രാജ്‌മോഹൻ ഉണ്ണിത്താൻ സീറ്റുനേടി. സിറ്റിംഗ് എംപിമാരിൽ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, , എം.കെ. രാഘവൻ എന്നിവർക്ക് വീണ്ടും അവസരം ലഭിച്ചു. അടൂർ പ്രകാശിനെ ആലപ്പുഴയിലും ഷാനിമോൾ ഉസ്‌മാനെ ആറ്റിങ്ങലിലും പരിഗണിക്കുന്നുണ്ട്.

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക

തിരുവനന്തപുരം – ശശി തരൂർ
പത്തനംതിട്ട-ആന്‍റോ ആന്‍റണി
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്
ഇടുക്കി– ഡീൻ കുര്യാക്കോസ്
എറണാകുളം– ഹൈബി ഈഡൻ
തൃശൂർ– ടി.എൻ പ്രതാപൻ
ചാലക്കുടി– ബെന്നി ബെഹനാൻ
പാലക്കാട്– വി.കെ. ശ്രീകണ്ഠൻ
ആലത്തൂർ– രമ്യ ഹരിദാസ്
കോഴിക്കോട്– എം.കെ.രാഘവൻ
കണ്ണൂർ– കെ. സുധാകരൻ
കാസർഗോഡ്– രാജ്മോഹൻ ഉണ്ണിത്താൻ