മംഗളൂരു, കോയമ്പത്തൂ‍ര്‍ സ്ഫോടനങ്ങൾ: കേരളത്തിലടക്കം നാൽപ്പത് ഇടങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ

0

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ആകെ നാൽപ്പത് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് എൻഐഎ ഉദ്യോ​ഗസ്ഥ‍ർ അറിയിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്നും ഡിജിറ്റൽ രേഖകളും നാല് ലക്ഷം രൂപയും കണ്ടെത്തിയെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്.

പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയുമായിരുന്ന സീനിമോന്‍റെ വീട്ടിലും പരിശോധന നടന്നു. ഇയാളോട് നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്‍ഡ് നടന്ന ഇടങ്ങളിൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മംഗളൂരുവിൽ കഴിഞ്ഞ വർഷം 19 ന് നടന്ന പ്രഷർ കുക്കർ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ പരിശോധന. ഈ കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് കേരളത്തിൽ എത്തിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

കേരളത്തെ കൂടാതെ കർണാടകയിലും തമിഴ്നാട്ടിലും റെയ്‍ഡ് നടന്നു. കോയമ്പത്തൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്‍റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.

തമിഴ്നാട്ടിൽ കോയമ്പത്തൂർ, ചെന്നെ, നാഗപട്ടണം, തിരുനെൽവേലി, മയിലാടുതുറ, തിരുപ്പൂർ, തെങ്കാശി, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തൃച്ചന്തൂർ എന്നീ ജില്ലികളിലായി 43 ഇടങ്ങളിൽ റെയ്ഡ് നടന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ ഇടപെട്ടവർ എന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തമിഴ്നാട്ടിലെ പരിശോധന. തിരുപ്പൂരിൽ, സിക്കന്തർ പാഷ, മുഹമ്മദ് റിസ്വാൻ, പഴനി നെയ്ക്കരപ്പട്ടിയിൽ രാജ മുഹമ്മദ്, കോയമ്പത്തൂരില്‍ ഹാരിസ് ഡോൺ എന്നിവരെ കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്തു.