സുഹൃത്ത് പീഡനത്തിന് ഇരയായെന്ന മയൂഖയുടെ പരാതി: ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

0

തൃശ്ശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്ര തെളിവുകളില്ല. സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോട്ടില്‍ പോലീസ് ചൂണ്ടിക്കാണിക്കുന്നു. പ്രതി ആശുപത്രിയില്‍ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയില്‍നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ എന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

2016-ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ എടുത്തുവെന്നുമാണ് പരാതി. പരാതിയില്‍ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും പൂങ്കുഴലി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍തന്നെ ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.