പ്രവാസികള്‍ക്ക് അതിഥികളെ ഉംറക്ക് കൊണ്ടുവരാന്‍ വിസ

0

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അതിഥികളായി ഉംറക്ക് കൊണ്ടുവരാന്‍ വിസ അനുവദിക്കാന്‍ നീക്കം. അതിഥി വിസകള്‍ ഏതാനും ദിവസത്തിനുള്ളില്‍ നല്‍കി തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മിഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ഖാദി അറിയിച്ചു. ഒരു സ്വകാര്യ ചാനിലെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം വിസയില്‍ വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാനും രാജ്യം മുഴുവന്‍ സഞ്ചരിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

90 ദിവസത്തേക്കാണ് അതിഥി വിസ ലഭിക്കുക. സ്വന്തം സ്പോണ്‍സര്‍ഷിപ്പിലാണ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും വിദേശത്തുനിന്ന് അതിഥികളെ കൊണ്ടുവരാന്‍ സാധിക്കുന്നത്. സ്വദേശി പൗരന്മാര്‍ക്കും വിദേശത്ത് ആളുകളെ അതിഥികളായി കൊണ്ടുവരാനും ഈ വിസ ഉപയോഗിക്കാനാവും. അങ്ങനെ അതിഥി വിസയില്‍ വരുന്നവര്‍ക്ക് ഉംറ നിര്‍വഹണത്തിന് പുറമെ സൗദി അറേബ്യ മുഴുവന്‍ സഞ്ചരിക്കാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും. നിലവില്‍ ഭാര്യയേയും മക്കളേയും മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും മാത്രമേ വിസിറ്റ് വിസയില്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നുള്ളൂ. ഗസ്റ്റ് വിസ കൂടി വരുന്നതോടെ എല്ലാത്തരം ബന്ധുക്കളെയും തങ്ങള്‍ക്കിഷ്ടമുള്ള ആരെയും കൊണ്ടുവരാന്‍ കഴിയും.