കോലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ തികഞ്ഞില്ല! കുഞ്ഞിന്റെ പേരില്‍ ഫേക്ക് ഐഡികളുടെ ബഹളം

0

മുംബൈ: വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ തംരഗമായി മാറിയിരുന്നു. അകായ് കോലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ അകായ് കോലിയുടെ പേരില്‍ നൂറിലേറെ ഫാന്‍ പേജുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മാസം 15നാണ് വിരാട് കോലിക്കും അനുഷ്‌കാ ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. രണ്ട് ദിവസം മുന്‍പ് വിരാട് കോലിയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

വാമികയുടെ കുഞ്ഞനുജന് ഈ ലോകത്തേക്ക് സ്വാഗതം എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. അകായ് എന്ന് കുട്ടിക്ക് പേര് നല്‍കിയതായും താര ദമ്പതികള്‍. കോലിയുടെ പോസ്റ്റ് അതിവേഗമാണ് പ്രചരിച്ചത്. അഭിനന്ദന പ്രവാഹമായിരുന്നു ഇരുവര്‍ക്കും. ഏഷ്യയില്‍ അതിവേഗം അഞ്ച് മില്ല്യണ്‍ ലൈക്ക് നേടുന്ന ഇന്‍സ്റ്റാ പോസ്റ്റായി ഇത് മാറി. എന്നാല്‍ ഇപ്പോളിതാ അക്കായ് കോലിയുടെ പേരില്‍ നൂറിലേറെ ഫാന്‍ പേജുകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്നത്.

കോലിയുടെ പോസറ്റിന് താഴെ താങ്ക്‌സ് പപ്പ എന്ന് പറഞ്ഞ് എത്തുന്നവരും നിരവധി. അകായ് ഭാവി ഇന്ത്യന്‍ ക്രിക്കറ്റ് താരമാകുമെന്ന് ചിലര്‍. അകായിക്ക് ഫാന്‍ ക്ലബ് തുടങ്ങിയവരുമുണ്ട്. ഇതൊക്കെ കണ്ട് സുക്കര്‍ ബര്‍ഗിന്റെ കിളിപോയെന്ന് ട്രോളന്മാരും. സ്വകാര്യത മാനിക്കണമെന്ന് വിരാട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരാധകരുടെ ആവേശത്തിന് കുറവൊന്നുമില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് വിരാട് കോലി. തുടക്കത്തില്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്നാണ് കോലി വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിട്ടുനിന്നിരുന്നത്. കോലി ഇക്കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അറിയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ കോലി മടങ്ങിയെത്തും എന്ന് കരുതിയിരുന്നെങ്കിലും താരം പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് കൂടിയും ഇടവേളയെടുത്തു.