വനിതാ ദിനത്തിൽ കനിവ് 108 ആംബുലൻസ് അമരത്തും പെൺകരുത്ത്

0

തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്‍റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്.

കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോണ്സ് സെന്റർ (കണ്ട്രോൾ റൂമിന്റെ) പൂർണ്ണ നിയന്ത്രണങ്ങളും വനിതാ ദിനത്തിൽ വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാർക്കായിരുന്നു.

രാവിലെ 10 മണിക്ക് കണ്ട്രോൾ റൂം മാനേജരുടെ ചുമതല ഏറ്റെടുത്ത ടീം ലീഡർ കാർത്തിക ബി.എസിന്റെ മേൽനോട്ടത്തിലാണ് കണ്ട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. എമർജൻസി റെസ്പോണ്സ് ഓഫീസറായ ഷീന ടീം ലീഡറിന്റെ പദവി നിർവഹിച്ചു. ഇവർക്ക് കീഴിൽ 18 വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാരാണ് സംസ്ഥാനത്ത് വനിതാ ദിനത്തിൽ 316 കനിവ് 108 ആംബുലൻസുകളുടെയും നീക്കങ്ങൾ നിയന്ത്രിച്ചത്.

കണ്ട്രോൾ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചതും ഇവരായിരുന്നു.

തിരുവനന്തപുരം ടെക്നൊപാർക്ക് ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന കനിവ് 108 ആംബുലൻസ് സംസ്ഥാന കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന 60 എമർജൻസി റെസ്പോണ്സ് ഓഫീസർമാരിൽ 28 പേർ വനിതകളാണ്. കൊവിഡ്‌ വ്യാപനം രൂക്ഷമായിരുന്നു സാഹചര്യത്തിൽ പോലും കണ്ട്രോൾ റൂമിന്‍റെ പ്രവർത്തനങ്ങൾ ഒരിക്കൽ പോലും തടസ്സപ്പെട്ടിരുന്നില്ല.

കണ്ട്രോൾ റൂമിന് പുറമെ സംസ്ഥാനത്ത് ഉടനീളം 108 ആംബുലൻസുകളിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരായി 220 ഓളം വനിതാ നേഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. 290 ആംബുലൻസുകൾ നിലവിൽ കൊവിഡ്‌ പ്രവർത്തനങ്ങൾക്കായി ഒടുന്നുണ്ട്. നിലവിൽ 2,06,475 കൊവിഡ്‌ അനുബന്ധ ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്.