ചുവന്ന തെയ്യങ്ങൾ നൃത്തംവെക്കുന്ന മണ്ണിലെ മതമൈത്രിയുടെ കഥ

0

കേരളത്തെ കുറിച്ചോർക്കുന്ന ഏതൊരു മലയാളിയുടെയും മനസ്സിൽ ഓടിയെത്തുന്ന ഓർമ്മകളിൽ ഒന്നാവും നാട്ടിൻപുറങ്ങളിലെ ഉത്സവകാഴ്ച്ചകൾ. പ്രത്യേകിച്ചും മലബാറിലെ ഉത്സവങ്ങൾ.ചുവന്ന തെയ്യങ്ങൾ നൃത്തം ചെയ്യുന്ന മണ്ണായ ഉത്തര കേരളത്തിന് പറഞ്ഞു തീരാത്തത്രയും ഉത്സവ വിശേഷങ്ങൾ കാണും. ചുറ്റുവിളക്കിന്റെ പ്രഭചൊരിഞ്ഞു നിൽക്കുന്ന അമ്പലങ്ങളും ഉത്സവത്തോടനുബന്ധിച്ചുള്ള ചന്തയും അവിടത്തെ നിറമുള്ള കാറ്റാടികളും കുപ്പിവള കടകളും,അഭ്യാസ പ്രകടങ്ങളുമെല്ലാം…മലയാളിയുടെ ഗൃഹാതുരുത്വ സ്മരണകളെ വിളിച്ചുണർത്തുന്നവയാണ്. അത്തരത്തിലുള്ള കാഴ്ച്ചയുടെ ഒരു മായാ പ്രപഞ്ചമാണ് ഓർക്കാട്ടേരി ചന്ത.

ചന്തകളും ഉത്സവങ്ങളും എല്ലാനാട്ടിലും കാണാം എന്നാൽ അവയിൽ നിന്നെല്ലാം ഓർക്കാട്ടേരി ചന്തയെ വ്യത്യസ്തമാക്കുന്ന ചിലതുണ്ട്. കടത്തനാട്ടുകാരുടെ ജനകീയ ഉത്സവം തന്നെയാണ് ഓര്‍ക്കാട്ടേരി ചന്ത. വര്‍ഷങ്ങള്‍ പഴക്കമുള്ള ചന്ത ഇവിടത്തെ ശിവ ഭഗവതി ക്ഷേത്രോത്സവത്തിന് അനുബന്ധമായിട്ടാണ് തുടങ്ങുക. മതത്തിന്‍റെ പേരിൽ തമ്മിൽ തല്ലി മരിക്കുന്ന ഇന്നത്തെ കാലത്ത് ഈ ഉത്സവകാലവും ഇവിടത്തെ ആളുകളും എന്നും സമൂഹത്തിനു മാതൃകയാണ്. അതെ സംഘര്‍ഷങ്ങളുടെ നാട്ടില്‍ മതമൈത്രിയുടെ കഥകളും ഏറെ പറായാനുണ്ട് ഓർക്കാട്ടേരി ചന്തയ്ക്.


ക്ഷേത്രത്തിലെ ഭഗവതിക്കുള്ള പട്ട് പ്രദേശത്തെ പ്രമുഖ മുസ്ലീം തറവാട്ടില്‍ നിന്നാണ് കൊണ്ട് വരിക. കൊടുങ്ങലൂരില്‍ നിന്നും വന്ന ഭഗവതി പുതുക്കുളങ്ങര എന്ന സ്ഥലത്ത് വെച്ചു കായക്കൊടി മുസ്ലീം തറവാട്ടിലെ പാത്തുമ്മ എന്ന സ്ത്രീക്ക് ദര്‍ശനം നല്‍കിയെന്നും അതിന്‍റെ സ്മരണക്കായി ഒരു മു്സ്ലീം പള്ളിയുണ്ടാക്കാന്‍ സ്ഥലം നല്‍കിയെന്നും പകരമായി ഉത്സവകാലത്ത് ദേവിക്ക് ചാര്‍ത്താന്‍ കാച്ചി മുണ്ട് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതത്രെ. തുടര്‍ന്ന് കായക്കൊടി മുസ്ലിം തറവാട്ടില്‍ നിന്നാണ് ഭഗവതിക്കുള്ള കാച്ചി മുണ്ട് കൊണ്ടു വരുന്നത്. ക്ഷേത്രോത്സവം കൊടിയേറുന്ന ദിവസം തന്നെ ചരിത്ര പ്രസിദ്ധമായ ഓര്‍ക്കാട്ടേരി ചന്തക്കും തുടക്കമിടുന്നു.


ഒരു ഗ്രാമം മുഴുവൻ ഉടുത്തൊരുങ്ങി ഉത്സവലഹരിയിലാറാടുന്ന 10 ദിനരാത്രങ്ങളാണ് ഓർക്കാട്ടേരി ചന്ത. കൊടിയേറ്റത്തിന്‍റെ ദിവസങ്ങള്‍ക്ക് മുമ്പേ ചന്ത കെട്ടി തുടങ്ങും ”യജമാന്‍ന്മാരെ മാറ്റിയെടുക്കാന്‍” പോകുന്ന കന്നുകാലികളെ റോഡരികില്‍ വഴിനീളെ കാണാം.പണ്ടുകാലം മുതൽക്കേ പ്രസിദ്ധമാണ് ഇവിടത്തെ കന്നുകാലിച്ചന്ത.


ഇവിടത്തെ മറ്റൊരു സവിശേഷതയാണ് താലപ്പൊലി മഹോത്സവവും, ചോമപ്പൻ കൊത്തും. രണ്ടു കോമരങ്ങൾ ചേർന്നാടുന്ന അപ്പൂർവ്വ കാഴ്ചയാണ് ചോമപ്പൻകൊത്ത്.മനുഷ്യൻ ദൈവമാകുന്ന മണ്ണാണ് വടക്കേ മലബാറിലേതെന്നാണ് പൊതുവെ പറഞ്ഞു വരുന്നത്. അമ്പലത്തിലെ നാലു മതിലുകൾക്കകത്ത് കുടികൊള്ളുന്ന ചൈതന്യം ചായങ്ങളും ചമയങ്ങളുമണിഞ്ഞ മനുഷ്യക്കോലങ്ങളിലേക് ചേക്കേറുന്ന ദൈവീക കാഴ്ച്ചയാണ് ചോമപ്പൻ കൊത്ത്.


ചന്തതുടങ്ങിയാല്‍ പിന്നെ സമീപ പ്രദേശങ്ങളിലെ സകലമാനജനങ്ങളും അങ്ങാടിയിലായിരിക്കും, സര്‍ക്കസ്സും, മൃഗശാലയും , മരണകിണറും, തൊട്ടിലും,ആന,മയില്‍,ഒട്ടകം അങ്ങനെ നീളുന്നു….കാഴ്ചയുടെ പൂരം.വൈകുന്നേരങ്ങളില്‍ ജനക്കൂട്ടം റോഡില്‍ നിറഞ്ഞു കവിയും. ഈ തിരക്കിനിടയിൽ അങ്ങാടി കച്ചവടങ്ങളും പൊടി പൊടിക്കുന്നുണ്ടാകും, നല്ല മൊരിഞ്ഞ പരിപ്പുവടയും ആവിപറക്കുന്ന കട്ടച്ചയായും കുടിക്കാൻ ജനപ്രവാഹം തന്നെ കാണും. ചന്തയില്‍ കച്ചവട സ്റ്റാളുകളോടൊപ്പം വിനോദത്തിന് അവസരങ്ങളുണ്ട്. പുത്തന്‍ റൈഡുകള്‍, മൂന്ന് കാറുകളും നാല് ബൈക്കുകളും ചീറീയ പോയുന്ന മരണക്കിണര്‍, ആകാശത്തൊട്ടില്‍, കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് അങ്ങനെ കണ്ടുമതിവരാത്തത്രയും കാഴ്ചകളുണ്ടാകും ഇവിടെ.

ട്യൂബ് ലൈറ്റ് കൊണ്ട് അലങ്കരിച്ച റോഡിനിരുവശവും പണ്ടാരികളുടെ ഭക്ഷണ ശാലകൾ കാണുമെങ്കിലും ഹലുവയും പൊരിയും,ബത്തക്കയുമാണ് ഇവിടത്തെ രാജാക്കന്മാർ. കൽച്ചട്ടി ,മൺപാത്രം,പുല്ലുപായ,വളച്ചന്ത, അങ്ങനെ ഉപ്പുതൊട്ട് കർപ്പൂരം വരെ ചന്തയിലില്ലാത്തതായി ഒന്നുമില്ല.”ചന്ത സാധനങ്ങള്‍ ‘ എന്ന പേരില്‍ ജാതിമത വ്യത്യാസമില്ലാതെ പലഹാരങ്ങള്‍ കൊണ്ട് പോവുന്ന ഒരു ചടങ്ങു പോലും ഉണ്ടായിരുന്നു. ഓർക്കാട്ടേരി ചന്തയിൽ. അങ്ങനെ പറഞ്ഞാൽ തീരാത്തത്രയും വിശേഷണങ്ങളുണ്ട് ഓർക്കാട്ടേരി ചന്തയ്ക്ക്. ജനുവരിയോടെ മരംകോച്ചുന്ന തണുപ്പിൽ മത സൗഹാർദ്ദത്തിന്‍റെ ഉത്സവത്തിനു കൊടിയേറുമ്പോൾ …

മുറുക്കിപിടിച്ച അമ്മയുടെ കൈതട്ടി മാറ്റി പൊട്ടിയ ബലൂണിനു പിറകെ ഓടുന്ന ഒരു ഉത്സവകാലത്തിന്‍റെ ഒരുപാട് ബാല്യകാല സ്മരണകൾ മനസ്സിൽ അങ്ങനെ മായാതെ നിൽക്കുന്നു.