ഐ.എൻ.എക്‌സ് അഴിമതിക്കേസ്; ചിദംബരത്തിന് മുൻ‌കൂർ ജാമ്യം ഇല്ല; ഹർജി ഇന്ന് സുപ്രിം കോടതിയില്‍

0

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ഹർജി ഇന്ന് സുപ്രിം കോടതിയില്‍. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽനിന്ന് ചൊവ്വാഴ്ച തന്നെ സ്റ്റേ നേടാൻ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല. ഹർജി ബുധനാഴ്ച ചീഫ്ജസ്റ്റിസിന്റെ ശ്രദ്ധയയിൽപ്പെടുത്താനാണ് രജിസ്ട്രാർ അനുമതി നൽകിയത്.

ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ സിബിഐ സംഘമെത്തിയെങ്കിലും ആളെ കാണാതെ മടങ്ങി. അതേസമയം, രാത്രിയോടെ എത്തിയ ആറംഗ ആദായനികുതിസംഘം വീട്ടിൽ പരിശോധന വൈകിയും തുടരുകയാണ്. ഹർജി സുപ്രിം കോടതി പരിഗണിക്കാന്‍ വൈകിയാല്‍ ചിദംബരത്തിന് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതേസമയം ചിദംബരത്തിന്റെ അഭിഭാഷകന്‍ സി.ബി.ഐക്ക് കത്തയച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ സുപ്രിം കോടതിയെ സമീപിക്കുന്നുണ്ടെന്നും അതുവരെ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ ആയിരിക്കും ചിദംബരത്തിന് വേണ്ടി ഹാജരാവുക. ഐ.എൻ.എക്സ്. മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് ചിദംബരത്തിന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അറസ്റ്റിൽനിന്നു മൂന്നുദിവസയത്. അറസ്റ്റിൽനിന്നു മൂന്നുദിവസത്തേക്ക് ഇടക്കാല സംരക്ഷണം നൽകണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും ജസ്റ്റിസ് സുനിൽ ഗൗർ നിരസിച്ചു.ചിദംബരത്തിന് ജൂലായ് 25 മുതൽ പലതവണയായി ഹൈക്കോടതി അറസ്റ്റിൽനിന്ന്‌ സംരക്ഷണം നീട്ടിനൽകിവരുകയായിരുന്നു.

വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതിയില്‍ തിരിമറി നടത്തി. ഐ.എന്‍.എക്സ് മീഡിയക്കെതിരായ നികുതി അന്വേഷണത്തില്‍ ഇടപെട്ടു, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചു, ധനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നിവയാണ് ചിദംബരത്തിനെതിരായ കുറ്റങ്ങള്‍. യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് ഐ.എന്‍.എക്സ് മീഡിയക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കി എന്നതാണ് കേസ്.